സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയെ പിടികൂടിയത് പൊള്ളാച്ചിയിലെ കരിങ്കൽ ക്വാറിയിൽനിന്ന്.

0
87

കോയമ്പത്തൂർ: നൂറുകോടിയുടെ തട്ടിപ്പുനടത്തി പോലീസിനെ വെട്ടിച്ച് കടന്ന സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയെ പിടികൂടിയത് പൊള്ളാച്ചിയിലെ കരിങ്കൽ ക്വാറിയിൽനിന്ന്. ദേവരായപുരത്തെ ക്വാറിയിൽ ഒരു തൊഴിലാളിയുടെ കുടിലിൽ സ്വാമിയുടെ വേഷത്തിൽ ഒളിച്ചുകഴിയുകയായിരുന്നു പ്രവീൺ.

പെരുമ്പാവൂർ സ്വദേശിയായ ഒരാളാണ് പ്രവീണിന് ഒളിയിടം ഒരുക്കിക്കൊടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് പ്രവീൺ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഇതുവഴിയാണ് ഇയാളുടെ ഒളിവിടത്തെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് ബലംപ്രയോഗിച്ചാണ് പ്രവീണിനെ കീഴ്പ്പെടുത്തിയതെന്നാണ് വിവരം.

ജനുവരി ആറിനാണ് തൃശ്ശൂർ പോലീസിനെ വെട്ടിച്ച് പ്രവീൺ കൊച്ചിയിൽനിന്ന് രക്ഷപ്പെട്ടത്. പോലീസ് സംഘം, എറണാകുളത്ത് ഇയാൾ താമസിച്ചിരുന്ന ചിലവന്നൂരിലെ ഫ്ളാറ്റിലെത്തിയതിന് ശേഷമായിരുന്നു പ്രവീൺ രക്ഷപ്പെട്ടത്. ദിവസങ്ങളായി തൃശ്ശൂർ ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവീണിനെ തേടി കൊച്ചിയിലുണ്ടായിരുന്നു. കൊച്ചി സിറ്റി പോലീസിനെ അറിയിക്കാതെയായിരുന്നു അവരുടെ പരിശോധന. പോലീസ് സംഘം പ്രവീണിന്റെ ഫ്ളാറ്റിലേക്ക് ലിഫ്റ്റിൽ കയറുമ്പോൾ മറ്റൊരു ലിഫ്റ്റിലൂടെ ഇയാൾ പുറത്തു കടക്കുകയായിരുന്നു.

ഫ്ളാറ്റിൽനിന്ന് ഇയാൾ പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. രക്ഷപ്പെട്ട റാണ കാറിൽ ചാലക്കുടി ഭാഗത്തേക്ക് പോയെന്ന് വിവരം ലഭിച്ചെങ്കിലും ചാലക്കുടിയിൽ ഈ വാഹനം പോലീസ് തടഞ്ഞപ്പോൾ പ്രവീൺ ഇല്ലായിരുന്നു. ഒളിവിൽ കഴിയവെ ഇതര സംസ്ഥാന തൊഴിലാളിയുടെ ഫോണിൽ നിന്ന് വീട്ടുകാരെ വിളിച്ചതാണ് വഴിത്തിരിവായത്.

LEAVE A REPLY

Please enter your comment!
Please enter your name here