സഞ്ജു സാംസണ് ഓഫറുമായി ഈ രണ്ട് ടീമുകൾ രംഗത്ത്, മലയാളി താരം കേരളം വിടുമോ? ആകാംക്ഷയിൽ ആരാധകർ

0
19

ഈ വർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ‌ ( Sanju Samson ) തഴയപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനാണ് ( KCA ) സഞ്ജുവിന് തിരിച്ചടി ലഭിക്കാൻ കാരണമെന്ന രീതിയിൽ ആരാധകർ പ്രതികരിച്ചു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത് താരത്തിന്റെ ചാമ്പ്യൻസ് ട്രോഫി സെലക്ഷനെ‌ ബാധിച്ചെന്നും കെസിഎ യുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുകയാണെന്നും ആരാധകർ സമൂഹ മാധ്യമങ്ങളിൽ തുറന്നടിച്ചു.

നേരത്തെ വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായി നടന്ന ക്യാമ്പിൽ പങ്കെടുക്കാത്തതിനാലാണ് സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് കെസിഎ പറഞ്ഞത്. ക്യാമ്പിൽ പങ്കെടുക്കാതിരുന്ന‌ സഞ്ജു, പിന്നാലെ മത്സരങ്ങൾക്ക് ലഭ്യമാണെന്ന് അറിയിച്ചെങ്കിലും സഞ്ജുവിന് വേണ്ടി ഒരു യുവതാരത്തെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് ആ താരത്തോടുള്ള നീതികേടായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി കെസിഎ സഞ്ജുവില്ലാതെ വിജയ് ഹസാരെയിൽ കളിക്കാൻ തീരുമാനിച്ചു.

സഞ്ജു ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെടാൻ കാരണം കെ സി എ ആണെന്ന തരത്തിൽ അഭിപ്രായങ്ങൾ ശക്തമായതോടെ കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പ്രതികരണം നടത്തിയിരുന്നു. തോന്നുമ്പോൾ കളിക്കാനുള്ളതല്ല കേരള ക്രിക്കറ്റ് ടീമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സഞ്ജുവും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ബന്ധം നിലവിൽ അത്ര സുഖകരമല്ല എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ ഇപ്പോളിതാ സഞ്ജുവിന് ഓഫറുമായി മറ്റ് ചില‌ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾ രംഗത്ത് എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റിലെ ശക്തരായ ടീമുകളായ തമിഴ്നാടും, രാജസ്ഥാനും സഞ്ജുവിനെ ടീമിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് ചില മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. കെസിഎ യും സഞ്ജുവും തമ്മിലുള്ള ബന്ധം മോശമായിരിക്കുന്ന‌ സമയത്താണ് ഈ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ ഓഫറുകൾ സഞ്ജുവിനെ തേടി എത്തിയത് എന്നതാണ്‌‌ ശ്രദ്ധേയം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാൻ കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here