ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൗമപ്രതിഭാസം ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ സുപ്രീം കോടതി അടിയന്തര വാദം കേൾക്കില്ല. കേസിൽ ജനുവരി 16ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും ജസ്റ്റിസ് പിഎസ് സിംഹയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോഷിമഠിനെ പ്രതിഭാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും സുപ്രീം കോടതി വാദം കേൾക്കണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഈ വിഷയങ്ങൾ കൈാകാര്യം ചെയ്യുന്നതിന് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ പ്രവർത്തിക്കുന്നുണ്ട്. താഴെത്തട്ടിൽ ആ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു.
ശങ്കരാചാര്യ മഠത്തിലെ സ്വാമി അവിമുക്‌തേശ്വരാനന്ദ് സരസ്വതിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഉത്തരാഖണ്ഡിലെ നിലവിലുള്ള പ്രതിസന്ധി നേരിടാൻ സർക്കാരിന് അറിയില്ലെന്നും ഇക്കാര്യത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നുമാണ് ഹർജിയിൽ ആവശ്യം ഉന്നയിച്ചത്. വീടുകളിൽ അടക്കം വിള്ളലുകൾ വീണതിന് പിന്നാലെ ആളുകൾ താമസസ്ഥലങ്ങൾ ഉപേക്ഷിച്ച് പൊതുസ്ഥലങ്ങളിൽ നിൽക്കുകയാണെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
വൻതോതിലുള്ള വ്യവസായവൽക്കരണമാണ് ജോഷിമഠിൽ ഈ സാഹചര്യമുണ്ടായതെന്നും ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായവും നഷ്ടപരിഹാരവും നൽകണമെന്നും സരസ്വതി തന്റെ ഹർജിയിൽ വാദിച്ചിരുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ജോഷിമഠ് നിവാസികളെ സജീവമായി പിന്തുണയ്ക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) നിർദ്ദേശവും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.