അർപ്പണ മനോഭാവത്തോടെ ലോകമെമ്പാടും പ്രവർത്തിക്കുന്നവരാണ് മലയാളി ക്രിസ്തീയ സമൂഹമെന്ന് : ജോര്‍ജ്ജ് കുര്യന്‍

0
52

വത്തിക്കാന്‍ സിറ്റി: ഭാരതസഭയ്‌ക്കും, കേരളസഭയ്‌ക്കുമുള്ള അംഗീകാരമാണ് ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ലോകത്താമാനമുള്ള ക്രിസ്ത്യാനികളിൽ അര്‍പ്പിത മനോഭാവവും, ക്രിസ്തീയ വിശ്വാസത്തിലുള്ള ദൃഢതയും കൂടുതലുള്ളത് മലയാളി സമൂഹത്തിനാണെന്ന്, കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണ ചടങ്ങിൽ ഭാരത സര്‍ക്കാറിന്റെ ഔദ്യോഗിക സംഘത്തെ നയിച്ചെത്തിയ കേന്ദ്രമന്ത്രി പറഞ്ഞു. ലോകം മുഴുവനുള്ള സഭയില്‍ മലയാളികള്‍ സേവനം ചെയ്യുന്നു. ചങ്ങനാശേരി അതിരൂപതയ്‌ക്ക് കീഴിലാണ് കൂവക്കാട് ജനിച്ചത്. ഒരു കാലഘട്ടത്തില്‍ 80 ശതമാനത്തിലേറെ വൈദികരെയും, കന്യാസ്ത്രീകളെയും, ബിഷപ്പുമാരെയും സംഭാവന ചെയ്തിട്ടുള്ള രൂപതയാണ് ചങ്ങനാശേരി അതിരൂപത. 51-ാം വയസില്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് വളരെ അപൂര്‍വമാണ്. ഭാവിയില്‍ കത്തോലിക്ക സഭയില്‍ കേരളീയര്‍ക്കും, ഭാരതീയര്‍ക്കും വലിയൊരു പ്രാതിനിധ്യമുണ്ടാകുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

മുന്‍ കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖര്‍, കൊടിക്കുന്നില്‍ സുരേഷ് എം പി, രാജ്യസഭാംഗമായ ഡോ. സത്‌നാംസിങ് സന്ധു, ബി.ജെ.പി. ദേശീയ സെക്രട്ടറി അനില്‍ ആന്റണി, യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി, ദേശീയ വക്താവ് ടോം വടക്കന്‍ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.

ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും, മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും സഹകാര്‍മികരാവും. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവരും സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ചങ്ങനാശേരി അതിരൂപതയില്‍നിന്നു മുഖ്യ വികാരി ജനറലായ മോണ്‍. ആന്റണി എത്തക്കാട്ട് ഉള്‍പ്പെടെ 12 പേരുടെ ഔദ്യോഗിക സംഘമാണ് എത്തിയിട്ടുള്ളത്. മാര്‍ കൂവക്കാടിന്റെ ബന്ധുക്കളും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here