ഭോപ്പാൽ: വെള്ളം കുടിക്കുന്നതിനിടയിൽ അബദ്ധത്തിൽ തേനീച്ചയെ വിഴുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ബെറാസിയ സ്വദേശി ഹീരേന്ദ്ര സിംഗ് (22) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി വീട്ടിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടയിലായിരുന്നു സംഭവം.
വെള്ളം കുടിച്ചയുടനെ ഹീരേന്ദ്രയുടെ നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റതായി അനുഭവപ്പെട്ടു. അന്നനാളത്തിലെ വീക്കം മൂലം ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ട ഹീരേന്ദ്രയെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
ഇവിടെ നിന്നും നില ഗുരുതരമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച രാത്രി ഒരു മണിയോടെ ആരോഗ്യനില കൂടുതൽ മോശമാകുകയും മരണപ്പെടുകയുമായിരുന്നു. ചികിത്സയ്ക്കിടയിൽ ഹീരേന്ദ്ര ചത്ത തേനീച്ചയെ ഛർദ്ദിച്ചതായും ഡോക്ടർമാർ പറയുന്നു.
സംഭവത്തിൽ ബെറാസിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി ഭക്ഷണം കഴിച്ച ശേഷം ഗ്ലാസിലുണ്ടായിരുന്ന വെള്ളം കുടിക്കുകയായിരുന്നു. ഇതിൽ തേനീച്ചയുണ്ടായിരുന്നത് യുവാവ് ശ്രദ്ധിച്ചില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.