അമേരിക്കയിലെ ടെക്‌സാസിലെ ഫോര്‍ട്ട് ബെന്റ് കൗണ്ടിയുടെ 240-മത് ജഡ്ജായി നിയമിതനായിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ സുരേന്ദ്രന്‍ കെ. പട്ടേല്‍. കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലാണ് സുരേന്ദ്രന്‍ ജനിച്ചത്. പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
ഇക്കഴിഞ്ഞ നവംബറിലാണ് ജില്ലാ കോടതിയിലേക്കുള്ള ജഡ്ജിയ്ക്കായുള്ള തെരഞ്ഞെടുപ്പ് നടന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ എഡ്വേര്‍ഡ് ക്രെനെക്കിനെ പരാജയപ്പെടുത്തിയാണ് സുരേന്ദ്രന്‍ ജില്ലാ ജഡ്ജിയായി അധികാരത്തിലെത്തിയത്.
കാസര്‍ഗോഡ് ജില്ലയിലെ ഒരു ബീഡിക്കമ്പനിയിലെ ജോലി ചെയ്തുകൊണ്ടാണ് സുരേന്ദ്രന്റെ ജീവിതം ആരംഭിക്കുന്നത്. ദരിദ്ര കുടുംബത്തില്‍ ജനിച്ച സുരേന്ദ്രന് കുടുംബം നോക്കാന്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പിന്നീട് പഠനം പൂര്‍ത്തിയാക്കി സുപ്രീം കോടതിയിലും സുരേന്ദ്രന്‍ ജോലി ചെയ്തു. ശേഷം നഴ്‌സായ ഭാര്യയോടൊപ്പം ടെക്‌സാസിലേക്ക് ചേക്കേറുകയായിരുന്നു.
ഭാരത് ബീഡി കമ്പനിയിലെ തൊഴിലാളി ജീവിതം
കാസര്‍ഗോഡ് ജില്ലയിലെ ബലാല്‍ ഗ്രാമത്തിലാണ് സുരേന്ദ്രന്‍ ജനിച്ചത്. കുടുംബത്തിന്റെ ദാരിദ്രമകറ്റാന്‍ സുരേന്ദ്രനും സഹോദരിയും അടുത്തുള്ള ബീഡി കമ്പനിയില്‍ ജോലിയ്ക്ക് പോയിരുന്നു. ഭാരത് ബീഡിയില്‍ ജോലി ചെയ്തിരുന്ന കാലത്താണ് തന്റെ പാതി വഴിയില്‍ നിന്നുപോയ പഠനം വീണ്ടും തുടങ്ങാന്‍ സുരേന്ദ്രന്‍ തീരുമാനിച്ചത്. ചില അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെ മുടങ്ങിപ്പോയ തന്റെ പഠനം സുരേന്ദ്രന്‍ വീണ്ടും ആരംഭിച്ചു. പയ്യന്നൂര്‍ കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ സുരേന്ദ്രന്‍ പിന്നീട് കാലിക്കറ്റ് ലോ കോളേജില്‍ നിന്ന് നിയമത്തില്‍ എല്‍എല്‍ബി ബിരുദവും കരസ്ഥമാക്കി.
അഭിഭാഷക ജീവിതം, വിവാഹം, സുപ്രീം കോടതിയിലെ ജോലി
കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കാലത്താണ് തന്റെ ജീവിത സഖിയായ ശുഭയെ സുരേന്ദ്രന്‍ ആദ്യം കാണുന്നത്. അന്ന് പി. അപ്പുക്കുട്ടന്‍ വക്കീലിന്റെ ജൂനിയര്‍ ആയി പ്രാക്ടീസ് ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. പിന്നീട് വിവാഹം കഴിഞ്ഞതോടെ ഹോസ്ദുര്‍ഗ്ഗിലെ ജോലി മതിയാക്കി സുരേന്ദ്രന്‍ ഭാര്യയോടൊപ്പം ഡല്‍ഹിയിലേക്ക് ചേക്കേറി. ഭാര്യയ്ക്ക് ഡല്‍ഹിയില്‍ ജോലി ലഭിച്ച സമയമായിരുന്നു അത്. പിന്നീട് സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ് ആയിരുന്ന രാജീവ് ധവാനുമായി സുരേന്ദ്രന്‍ പരിചയത്തിലായി. അദ്ദേഹത്തിന്റെ സഹായത്തോടെ സുരേന്ദ്രന് സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യാനും കഴിഞ്ഞു.
എങ്ങനെയാണ് അമേരിക്കയിലെത്തിയത് ?
ഡല്‍ഹിയില്‍ ജോലി ചെയ്യുമ്പോഴാണ് ഭാര്യയ്ക്ക് ഹൂസ്റ്റണില്‍ സ്റ്റാഫ് നഴ്‌സിന്റെ ജോലി ശരിയായത്. അതുകൊണ്ട് തന്നെ ഭാര്യയോടൊപ്പം സുരേന്ദ്രനും ടെക്‌സാസിലേക്ക് എത്തി. അപ്പോഴും സുപ്രീം കോടതിയിലെ ജോലി അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. കുറച്ച് നാള്‍ അമേരിക്കയില്‍ കുറച്ച് നാള്‍ ഇന്ത്യയില്‍ എന്ന രീതിയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. എന്നാല്‍ ആ രീതി അധികം നാള്‍ മുന്നോട്ട് കൊണ്ടുപോയില്ല. ടെക്‌സാസിലേക്ക് തിരിച്ചെത്തിയ അദ്ദേഹം തന്റെ കരിയര്‍ പുനരാരംഭിക്കാനുള്ള വഴികള്‍ അന്വേഷിച്ച് തുടങ്ങി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെക്‌സാസില്‍ നിലനില്‍ക്കുന്ന ഒരു നിയമം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത് ബ്രിട്ടീഷ് കോമണ്‍ ലോ അനുസരിച്ച് എഴ് വര്‍ഷത്തിലധികം പ്രാക്ടീസ് ഉള്ള അഭിഭാഷകര്‍ക്ക് ബാര്‍ എക്‌സാം എഴുതാന്‍ കഴിയുമെന്നായിരുന്നു ടെക്‌സാസിലെ നിയമം. ഈ യോഗ്യതയുള്ള വിദേശ പൗരന്‍മാര്‍ ടെക്‌സാസിലെത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ എക്‌സാം പാസാകണമെന്നും നിയമത്തിലുണ്ട്.
പരീക്ഷ വേഗത്തില്‍ പാസായെങ്കിലും ആഗ്രഹിച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ സാധിച്ചില്ല. തുടര്‍ന്ന് സുരേന്ദ്രന്‍ ഹൂസ്റ്റണ്‍ ലോ സെന്ററില്‍ നിന്ന് എല്‍എല്‍എമ്മില്‍ ബിരുദം നേടി.
ജഡ്ജിയായി നിയമനം
ടെക്‌സാസ് സ്വദേശിയായ ഗ്ലെന്‍ഡന്‍ ആഡംസാണ് ജഡ്ജി പദവിയിലേക്ക് ഉയരണമെന്ന് സുരേന്ദ്രനെ ഉപദേശിച്ചത്. ഗ്ലെന്‍ഡന്റെ മരണത്തോടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജഡ്ജി പദവിയിലേക്ക് എത്താന്‍ സുരേന്ദ്രനെ വളരെയധികം സഹായിക്കുകയും ചെയ്തു.
ജഡ്ജ് തെരഞ്ഞെടുപ്പ്
2020ലാണ് ജഡ്ജ് തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ മത്സരിച്ചത്. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ വേണ്ടത്ര വിജയം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിയെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. തന്റെ പാര്‍ട്ടിയില്‍ നിന്നുപോലും വേണ്ടത്ര പിന്തുണ ആദ്യ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ലഭിച്ചില്ല.
എന്നാല്‍ 2022 മാര്‍ച്ചില്‍ സ്വന്തം നിലയില്‍ പ്രചരണം ആരംഭിച്ചാണ് സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഇത് അദ്ദേഹത്തിന് വിജയം നേടാന്‍ സഹായിച്ചു. തന്റെ ഭാഷയേയും ഉച്ചാരണത്തേയും കളിയാക്കിയാണ് എതിരാളികള്‍ ക്യംപെയ്ന്‍ നടത്തിയത്. എന്നാല്‍ അതിനെ പോസിറ്റീവ് ആയി എടുത്തുകൊണ്ടാണ് താന്‍ പ്രചരണത്തിന് ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. അതു തന്നെയാണ് ജനങ്ങള്‍ തന്നെ തെരഞ്ഞെടുത്തതിന് കാരണമെന്നും സുരേന്ദ്രന്‍ പട്ടേല്‍ പറയുന്നു.