മുംബൈ: നായയും പൂച്ചയുമൊന്നും അടിസ്ഥാനപരമായി മനുഷ്യരല്ലെന്നും അതിനാൽ ഇന്ത്യൻ ശിക്ഷാനിയമം 279, 337 എന്നീ വകുപ്പുകൾ പ്രകാരം അശ്രദ്ധമായി വാഹനമോടിച്ച് തെരുവ് നായ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നും ബോംബെ ഹൈക്കോടതി. കേസിൽ ഒരു വ്യക്തിക്കോ സ്വത്തിനോ നഷ്ടവും നാശവും വരുത്തിയതുമായി ബന്ധപ്പെട്ട ഐപിസി സെക്ഷൻ 429 പ്രയോഗിച്ചതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവ് നായയെ ഇടിച്ച് കൊന്ന എൻജിനീയറിങ് വിദ്യാർഥിക്കെതിരായ എഫ്ഐആർ കോടതി റദ്ദാക്കി. ഉത്തരവാദികളായ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ചെലവ് ഈടാക്കുമെന്നും വിദ്യാർത്ഥിക്ക് 20,000 രൂപ ചെലവ് നൽകാൻ സംസ്ഥാന സർക്കാരിനോടും കോടതി നിർദ്ദേശിച്ചു.
ഫുഡ് ഡെലിവറി ബോയ് ആയി പാർട്ട് ടൈം ജോലി ചെയ്യുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മാനസ് ഗോഡ് ബോലെ (20) എന്ന വിദ്യാർഥിക്കെതിരെയാണ് നായപ്രേമി പൊലീസിനെ സമീപിച്ചത്. 2020 ഏപ്രിൽ 11 ന് ബൈക്കിൽ സഞ്ചരിക്കുമ്പോൾ റോഡ് മുറിച്ചുകടക്കുകയായിരുന്ന തെരുവ് നായയെ അബദ്ധത്തിൽ ഇടിക്കുകയായിരുന്നു.