ചാറ്റ്ജിപിറ്റി ചാറ്റ്ബോട്ട് ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു

0
65

ന്യൂയോര്‍ക്ക്: ചാറ്റ് ജിപിറ്റി ചാറ്റ്‌ബോട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിരോധമേർപ്പെടുത്തി. സുരക്ഷയും കൃത്യതയും സംബന്ധിച്ച ആശങ്കകളെത്തുടര്‍ന്നാണ് വകുപ്പ് ചാറ്റ്ബോട്ടിന് നിരോധനം ഏർപ്പെടുത്തിയത്. ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെ സംവദിക്കാൻ കഴിയുന്ന എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ചാറ്റ്‌ബോട്ട് സംവിധാനമാണ് ചാറ്റ്ജിപിറ്റി.

ന്യൂയോര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇന്റര്‍നെറ്റ് സംവിധാനത്തില്‍ നിന്നും ചാറ്റ്ജിപിറ്റി സംവിധാനത്തെ ഒഴിവാക്കാനാണ് തീരുമാനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട പഠനത്തിനായി ചാറ്റ്ജിപിറ്റി സംവിധാനം ഉപയോഗിക്കേണ്ടി വരും. എന്നാൽ ആ സാഹചര്യത്തില്‍ ഇവയുടെ ആക്‌സസിനായി സ്‌കൂളുകള്‍ക്ക് അഭ്യര്‍ത്ഥിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണ് ചാറ്റ്ജിപിറ്റി ചാറ്റ് ബോട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. ന്യൂയോര്‍ക്കിലെ എല്ലാ പബ്ലിക് സ്‌കൂളിലും ഈ സംവിധാനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എത്രയും വേഗത്തില്‍ നല്‍കാന്‍ കഴിയുന്ന സംവിധാനം ചാറ്റ് ജിപിറ്റിയ്ക്കുണ്ട്. എന്നാല്‍ ഇത് കുട്ടികളിലെ ചിന്താശേഷിയെ ഇല്ലാതാക്കാന്‍ കാരണമാകും,’ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയായ ജെന്ന ലൈലെ പറഞ്ഞു.

ഓപ്പണ്‍ഐ എന്ന ഗവേഷണ സ്ഥാപനമാണ് ചാറ്റ്ജിപിറ്റി വികസിപ്പിച്ചത്. 2022 നവംബറിലാണ് ചാറ്റ്ജിപിറ്റി പുറത്തിറക്കിയത്. ക്രിയേറ്റീവ് മേഖലകളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിദ്ധ്യത്തെപ്പറ്റിയുള്ള നിരവധി ചര്‍ച്ചകള്‍ക്കാണ് ചാറ്റ്ജിപിറ്റിയുടെ കണ്ടെത്തല്‍ വഴിതെളിച്ചത്.

യഥാര്‍ത്ഥത്തില്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനമല്ല ചാറ്റ്ജിപിറ്റിയെന്നാണ് പറയുന്നത്. കാരണം പ്രോഗ്രാമിംഗ് ചോദ്യങ്ങള്‍ക്ക് തെറ്റായ ഉത്തരം നല്‍കിയ ഈ ചാറ്റബോട്ടിനെ സ്റ്റാക്ക് ഓവര്‍ഫ്‌ളോ ഡിസംബറില്‍ നിരോധിച്ചിരുന്നു. ഓപ്പണ്‍ഐയുടെ സിഇഒ ആയ സാം ആള്‍ട്ടമാന്‍ വരെ ഈ ചാറ്റ്‌ബോട്ടിന്റെ ന്യൂനതകളെ അംഗീകരിച്ചിരുന്നു. ഈ ചാറ്റ്‌ബോട്ട് സംവിധാനം പരിമിതമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

എന്താണ് ചാറ്റ്ജിപിറ്റി?

ചാറ്റ് ജിപിറ്റി’ എന്നത് ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ സംവദിക്കാന്‍ സഹായിക്കുന്ന ഒരു എഐ ചാറ്റ്ബോട്ടിന്റെ ‘പ്രോട്ടോടൈപ്പ്’ ആണ്. സാധാരണ ഒരു പ്രോട്ടോടൈപ്പ് ഉപയോഗിക്കുന്നത് കൃത്യത വര്‍ദ്ധിപ്പിക്കുന്നതിനും, ഒരു പുതിയ ഡിസൈന്‍ വിലയിരുത്തുന്നതിനുമൊക്കെയാണ്. ഓണ്‍ലൈനില്‍ ഉപഭോക്താക്കളുമായി ചാറ്റ് ചെയ്യാനും സംവദിക്കാനും രൂപകല്‍പ്പന ചെയ്തിരിക്കുന്ന കംപ്യൂട്ടര്‍ പ്രോഗ്രാമാണ് ചാറ്റ്‌ബോട്ട്.

മനുഷ്യഭാഷ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ചാറ്റ്‌ബോട്ടാണ് ഇത്. അതുപോലെ തന്നെ മനുഷ്യരുടെ ഏത് ഭാഷയും വാചകങ്ങളും അതുപോലെ എഴുതാനും ഇവയ്ക്ക് സാധിക്കും. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് ‘ചാറ്റ് ജിപിറ്റി’ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഓപ്പണ്‍എഐ ഫൗണ്ടേഷന്‍ അവകാശപ്പെടുന്നു. എഐ, മെഷീന്‍ ലേണിംഗ് എന്നിവയില്‍ പരിശീലനം ലഭിച്ച ഈ സംവിധാനം സംഭാഷണരൂപേണയുള്ള മാര്‍ഗ്ഗങ്ങളിലൂടെ വിവരങ്ങള്‍ നല്‍കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുമായാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

‘ഫോളോ-അപ്പ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും, തെറ്റുകള്‍ ശരിവെയ്ക്കാനും, അനാവശ്യ അഭ്യര്‍ത്ഥനകള്‍ നിരസിക്കാനും ‘ചാറ്റ് ജിപിറ്റി’-ക്ക് കഴിയും എന്നാണ് ഓപ്പണ്‍എഐയുടെ അവകാശവാദം. അതേസമയം, ഇതിന് സംശയകരമായ-പ്രശ്നകരമായ ഉത്തരങ്ങള്‍ നല്‍കാനും, പക്ഷാപാതപരമായി അഭിപ്രായങ്ങള്‍ പറയാനും സാധിച്ചേക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here