കണ്ണൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന അര്‍ഹരായ അപേക്ഷകര്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിക്കണമെന്ന തീരുമാനം നടപ്പാകുന്നില്ലെന്നും സംഭവത്തില്‍ കര്‍ശനമായി ഇടപെടുമെന്നും സംസ്ഥാന ന്യൂനപക്ഷ കമീഷൻ അംഗം പി.റോസ പറഞ്ഞു.അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് അടിയന്തരമായി വായ്പ അനുവദിക്കണമെന്നും കമീഷൻ കര്‍ശന നിര്‍ദേശം നല്‍കി.
കേരള ഗ്രാമീണ ബാങ്ക് കരുവഞ്ചാല്‍ ശാഖാ മാനേജര്‍ക്കെതിരെ വെള്ളാട് കക്കോട്ടുവളപ്പില്‍ അബ്ദുല്‍കരീം നല്‍കിയ പരാതിയിലാണ് കമീഷന്റെ നിര്‍ദേശം. പരാതി പരിഗണിച്ച കമീഷൻ ബാങ്ക് ശാഖാ മാനേജരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. പ്രവേശനം നല്‍കാന്‍ ഒരു സ്ഥാപനം തീരുമാനിച്ചാല്‍ അതിനെ അടിസ്ഥാനമാക്കിയാണ് ബാങ്ക് വായ്പ അനുവദിക്കേണ്ടത്.അര്‍ഹതയുള്ള കുട്ടികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കണമെന്നും കമീഷൻ നിര്‍ദേശം നല്‍കി.