‘ഹോളിവുഡ് സീക്രട്ട്’ എന്ന് വിളിക്കുന്ന ഭാരം കുറയ്ക്കാനുള്ള മരുന്ന് ടിക് ടോക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിക്കുകയാണ്. നേരത്തെ ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കും തന്റെ ശരീര ഭാരം കുറക്കുന്നതിനായി ഓസെംപിക് എന്ന മരുന്ന് കഴിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഓസെംപികിന് ആവശ്യക്കാരേറിയിരിക്കുകയാണ്. ഇതോടെ വിപണിയില്‍ മരുന്നിന് ക്ഷാമം നേരിടാനും തുടങ്ങി.
എന്താണ് ഓസെംപിക്?
2017ലാണ് പ്രമേഹത്തിനെതിരെ കുത്തിവയ്പ്പ് എടുക്കുന്നതിനായി യുഎസ് എഫ്ഡിഎ ആദ്യമായി ഓസെംപികിന് അംഗീകാരം നല്‍കിയത്. 2021-ല്‍ അമിതവണ്ണം കുറയ്ക്കുന്നതിനുള്ള സെമാഗ്ലൂറ്റൈഡ് എന്ന ഘടകത്തിന്റെ അളവ് കൂടുതലുള്ള വെഗോവി എന്ന മരുന്നിനും എഫ്ഡിഎ അംഗീകാരം നല്‍കി. ഇതിന് ശേഷമാണ് മരുന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായത്.
ശരീര ഭാരം കുറക്കാന്‍ താന്‍ വെഗോവി കഴിച്ചിരുന്നുവെന്ന് എലോണ്‍ മസ്‌ക് ട്വിറ്ററിലൂടെ പറഞ്ഞതോടെ മരുന്നിന് ആവശ്യക്കാർ കൂടി.അഭിനേതാക്കളും നിര്‍മ്മാതാക്കളുമടക്കം സിഗ്‌നല്‍ ആപ്പിലൂടെ ഓസെംപികിനെക്കുറിച്ച് പരസ്പരം വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്ന് വെറൈറ്റി ഡോട്ട് കോം പറയുന്നു.
മരുന്നിന്റെ പ്രവര്‍ത്തനം
ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് വളരെ അത്യന്താപേക്ഷിതമായ ഒന്നാണ് സെമാഗ്ലൂറ്റൈഡ്. ഇത് ഇന്‍സുലിന്‍ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. നമ്മുടെ കുടലില്‍ സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഗ്ലൂക്കോണ്‍ പോലെയുള്ള പെപ്‌റ്റൈഡ്-1 എന്ന ഹോര്‍മോണിന് സമാനമാണ് ഈ മരുന്ന്. ഇത് വിശപ്പ് കുറയ്ക്കുകയും വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യുമെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
തല്‍ഫലമായി, അമിതവണ്ണവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉള്ള ആളുകള്‍ ഇത് കഴിക്കുമ്പോള്‍ ശരീരഭാരം പെട്ടെന്ന് കുറയും. ഈ മരുന്ന് കഴിക്കുന്നവര്‍ക്ക് വേഗത്തില്‍ വയറുനിറഞ്ഞതായി തോന്നുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന സ്‌കൂള്‍ ഓഫ് മെഡിസിനിലെ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം വിഭാഗത്തിന്റെ മേധാവി ഡോ. ജാനിസ് ജിന്‍ ഹ്വാങ് പറയുന്നു.
പ്രമേഹരോഗികളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും ഈ മരുന്നുകള്‍ക്ക് കഴിയുമെന്ന്
അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ ചീഫും മെഡിക്കല്‍ ഓഫീസറുമായ ഡോ. റോബര്‍ട്ട് ഗബ്ബേ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ഓസെംപികിനെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നായി എഫ്ഡിഎ അംഗീകരിച്ചിട്ടില്ലെന്ന് മിഷിഗണ്‍ മെഡിസിനിലെ മെറ്റബോളിസം, എന്‍ഡോക്രൈനോളജി, പ്രമേഹം എന്നിവയുടെ വിഭാഗത്തിലെ ക്ലിനിക്കല്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. ആന്‍ഡ്രൂ ക്രാഫ്റ്റ്സണ്‍ വ്യക്തമാക്കി.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നായി വെഗോവിയെ എഫ്ഡിഎ അംഗീകരിച്ചതോടെ മരുന്നിന് ആവശ്യക്കാരേറെയായി. ഇതോടെ വെഗോവി ലഭിക്കാതെ വന്നപ്പോള്‍ പലരും ഓസെംപിക് വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് വെഗോവി?
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ ചികിത്സിക്കാന്‍ ചിലര്‍ക്ക് സ്ഥിരമായി കഴിക്കാൻ ചില മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതുപോലെ, അമിതവണ്ണമുള്ള ചില രോഗികള്‍ക്ക് വെഗോവി പോലുള്ള മരുന്നുകള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ദ്ദേശിക്കാറുണ്ടെന്ന് ഡോ. ക്രാഫ്റ്റ്‌സണ്‍ പറയുന്നു. വെഗോവി കഴിക്കുന്നത് നിര്‍ത്തുന്നവര്‍ക്ക് വീണ്ടും ശരീരഭാരം കൂടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരുന്നിന്റെ ക്ഷാമവും വിലയും
ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് ഈ മരുന്നുകള്‍ വാങ്ങുന്നത് അൽപ്പം ചെലവേറിയ ഒന്നാണ്. 28 ദിവസത്തെ വെഗോവി മരുന്നിന് യുഎസില്‍ വില 1,300 ഡോളറിലധികമാണ് (ഏകദേശം ഒരു ലക്ഷം രൂപ). കൂടാതെ ഓസെംപിക് പ്രതിമാസം വാങ്ങാന്‍ ഏകദേശം 892 ഡോളര്‍ (ഏകദേശം 74000 രൂപ) വേണ്ടിവരും. വില കൂടുതലാണെങ്കിലും ഓസെംപിക് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് മരുന്നിന് ക്ഷാമം വര്‍ദ്ധിപ്പിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മരുന്ന് ഇന്ത്യയില്‍ ലഭ്യമാണോ?
ഇന്ത്യയില്‍, പ്രമേഹ ചികിത്സയ്ക്ക് മരുന്നിന്റെ കുറഞ്ഞ ഡോസ് മാത്രമേ നിലവില്‍ ലഭ്യമാകൂ, എന്നാല്‍ ഉയര്‍ന്ന ഡോസ് അടുത്ത വര്‍ഷത്തോടെ ലഭ്യമായേക്കുമെന്ന് അപ്പോളോ സെന്റര്‍ ഫോര്‍ ഒബ്സിറ്റി, ഡയബറ്റിസ് ആന്‍ഡ് എന്‍ഡോക്രൈനോളജി മേധാവി ഡോ എസ് കെ വാങ്‌നൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. നിലവില്‍ ഈ മരുന്ന് പ്രമേഹമുള്ളവര്‍ക്ക് മാത്രമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മരുന്ന് കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മരുന്ന് കഴിക്കുമ്പോള്‍ രോഗി മദ്യം കഴിക്കുന്നുണ്ടോ, രോഗിക്ക് പാന്‍ക്രിയാറ്റിസുമായി (പാന്‍ക്രിയാസ് വീക്കം) ബന്ധപ്പെട്ട രോഗമുണ്ടോ, പിത്താശയത്തില്‍ കല്ലുകള്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ മരുന്ന് കുറിക്കുന്ന ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും വാങ്‌നൂ പറഞ്ഞു. കൂടാതെ, മരുന്ന് കഴിക്കുമ്പോള്‍ ആദ്യ ഏതാനും ആഴ്ചകളില്‍ ഓക്കാനം, ഛര്‍ദ്ദി എന്നിവ അനുഭവപ്പെട്ടേക്കാമെന്ന് രോഗികളെ പറഞ്ഞ് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ മരുന്ന് കഴിച്ച് തുടങ്ങിയാൽ ആ വ്യക്തിയുടെ ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരും, അത് ഈ മരുന്നിന്റെ ഒരു പോരായ്മയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല 4,000 രൂപയാണ് ഒരാഴ്ച മരുന്ന് വാങ്ങാന്‍ വേണ്ടി വരുന്നത്. അതിനാല്‍ തന്നെ മിക്ക ആളുകള്‍ക്കും ഇത് വാങ്ങാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.