പ്രകടന പത്രിക പുറത്തിറക്കി കെജ്രിവാള്‍

0
43

വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. 15-ഓളം പ്രധാന വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര, മെട്രോ നിരക്കില്‍ 50 ശതമാനം ഇളവ് എന്നിവയും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

‘ഞങ്ങളാണ് രാജ്യത്ത് ആദ്യം ഗ്യാരന്റി എന്ന പദം ഉപയോഗിച്ചത്. എന്നാല്‍ പിന്നീട് അത് ബിജെപി മോഷ്ടിച്ചു. ഞങ്ങള്‍ ഞങ്ങളുടെ ഉറപ്പുകള്‍ നിറവേറ്റുന്നു. ബിജെപി അത് ചെയ്യുന്നില്ല എന്നതാണ് വ്യത്യാസം,’ പ്രകടന പത്രിക പുറത്തിറക്കി കൊണ്ട് കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി നിവാസികള്‍ക്ക് ശക്തമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കെജ്രിവാള്‍ വാഗ്ദാനം ചെയ്തു.

മഹിളാ സമ്മാന്‍ യോജനയ്ക്ക് കീഴില്‍ സ്ത്രീകള്‍ക്ക് 2100 രൂപ പ്രതിമാസ സാമ്പത്തിക സഹായം ഉറപ്പ് നല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് സഞ്ജീവനി യോജന വഴി സൗജന്യ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ നല്‍കും. കുടിശ്ശികയുള്ള വാട്ടര്‍ ബില്ലുകള്‍ എഴുതിത്തള്ളുമെന്നാണ് നാലാമത്തെ വാഗ്ദാനം. അഞ്ചാമത്തെ വാഗ്ദാനം ഡല്‍ഹിയിലെ എല്ലാ വീട്ടിലും 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യും എന്നതാണ്.

മലിനമായ യമുന നദി വൃത്തിയാക്കാനും ഡല്‍ഹിയിലെ റോഡുകള്‍ ലോകോത്തരമാക്കാനും ശ്രമിക്കും എന്നും പ്രകടന പത്രികയിലുണ്ട്. ബാബാസാഹെബ് അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് യോജനയ്ക്ക് കീഴില്‍, എസ്സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ എഎപി സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. സൗജന്യ ബസ് യാത്രയും മെട്രോ നിരക്കില്‍ 50 ശതമാനം ഇളവും ലഭിക്കുന്നതോടെ പുരുഷ വിദ്യാര്‍ഥികള്‍ക്കും പ്രയോജനം ലഭിക്കും.

പുരോഹിതന്മാര്‍ക്കും ഗുരുദ്വാര ഗ്രന്ഥികള്‍ക്കും പ്രതിമാസം 18,000 രൂപ ധനസഹായം നല്‍കുമെന്നും കുടിയാന്മാര്‍ക്ക് സൗജന്യ വൈദ്യുതിയും വെള്ളവും നല്‍കുന്ന ആനുകൂല്യങ്ങളും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഡല്‍ഹിയിലെ മലിനജല സംവിധാനം മെച്ചപ്പെടുത്താനും ഭക്ഷ്യവിതരണം സംവിധാനത്തില്‍ നിന്ന് പുറത്തായവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാനും പദ്ധതികളുണ്ട.

ഓട്ടോ, ക്യാബ് ഡ്രൈവര്‍മാര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും എഎപി പ്രതിജ്ഞാബദ്ധമാണ് എന്നും കെജ്രിവാള്‍ പറഞ്ഞു. ഇവരുടെ പെണ്‍മക്കളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നതിനും പ്രാദേശിക സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിനുമായി റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്ക് ഫണ്ട് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here