ന്യൂഡൽഹി: മറ്റ് ആരോഗ്യ, ചികിത്സാ ആനുകൂല്യങ്ങളോ ഇൻഷുറൻസോ ഇല്ലാത്തവർക്കായി ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി വരുന്നു. ഇടത്തരക്കാരെ ലക്ഷ്യമിട്ടാണിത്. കോവിഡ് അനന്തര കാലത്തു ജോലി നഷ്ടപ്പെടുന്നവർ, പലതരം കൂട്ടായ്മകൾ, തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങി ഏതുതരം ഗ്രൂപ്പും ആകാം. മറ്റ് പദ്ധതികളിൽ ചേരരുതെന്നു മാത്രം.
ഓരോരുത്തരും 500 രൂപയിൽ താഴെ പ്രീമിയം അടച്ച്, ഗ്രൂപ്പിനൊന്നാകെ പരമാവധി 5 ലക്ഷം രൂപ വരെ പരിരക്ഷ ഉറപ്പാക്കും വിധമാകും ഇൻഷുറൻസ്. ദേശീയ ആരോഗ്യ അതോറിറ്റിക്കാണു ചുമതല.
ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ആയുഷ്മാൻ ഭാരത്–പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ) ക്കു സമാനരീതിയിലാകും പ്രവർത്തനം. ഇതിന്റെ അടിസ്ഥാന സൗകര്യങ്ങളും ആശുപത്രി ശൃംഖലയും പ്രയോജനപ്പെടുത്തും. സർക്കാരിന്റെ നിക്ഷേപമുണ്ടാകില്ല. പ്രീമിയവും പരിരക്ഷയും ഇൻഷുറൻസ് കമ്പനികളുടെ ചുമതലയാകും.
3 വർഷത്തേക്കു പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയുടെ നടപടികൾക്കു ദേശീയ ആരോഗ്യ അതോറിറ്റി തുടക്കമിട്ടു. കുടുംബത്തിൽ എത്ര പേരുണ്ടെങ്കിലും 5 ലക്ഷം രൂപ വരെ പരിരക്ഷയുള്ള ആയുഷ്മാൻ ഭാരത് പദ്ധതിയിൽ പാവപ്പെട്ടവരായ 50 കോടിയിലേറെ ആളുകളാണുള്ളത്.