ടോക്കിയോയിലെ പ്രധാന മേഖലകളിലുള്ള കുടുംബങ്ങള്‍ ഗ്രാമങ്ങളിലേക്ക് താമസം മാറുകയാണെങ്കില്‍ ഒരു കുട്ടിക്ക് 1 മില്യൺ യെന്‍

0
79

രാജ്യതലസ്ഥാനമായ ടോക്കിയോയില്‍ നിന്ന് താമസം മാറുന്നതിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ജപ്പാന്‍. ഗ്രാമങ്ങളില്‍ ജനവാസമില്ലാതായതോടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ടോക്കിയോയിലെ പ്രധാന മേഖലകളിലുള്ള കുടുംബങ്ങള്‍ ഗ്രാമങ്ങളിലേക്ക് താമസം മാറുകയാണെങ്കില്‍ ഒരു കുട്ടിക്ക് 1 മില്യൺ യെന്‍ (ഏകദേശം ആറ് ലക്ഷത്തോളം രൂപ) നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കും ഇത് ബാധകമാണ്. നഗരത്തില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് താമസം മാറാന്‍ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഇതാദ്യമായല്ല. ഇതിന് മുമ്പും സര്‍ക്കാര്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.

പതിറ്റാണ്ടുകളായി, ജപ്പാനിലുടനീളമുള്ള ആളുകള്‍ തൊഴിലവസരങ്ങള്‍ തേടി രാജ്യത്തിന്റെ നഗര പ്രദേശങ്ങളിലേക്ക്‌ കുടിയേറുകയാണ്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ടോക്കിയോ, ഏകദേശം 37 മില്യൺ ആളുകളാണ് ഇവിടെയുള്ളത്. 2021ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, കൊവിഡ് മഹാമാരിക്ക് മുമ്പ്, ടോക്കിയോയിലേക്ക് മാറുന്ന ആളുകളുടെ എണ്ണം ഓരോ വര്‍ഷവും നഗരം വിടുന്നവരേക്കാള്‍ 80,000 വരെ കൂടുതലായിരുന്നു.

കുറഞ്ഞ ജനനനിരക്കും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം മൂലം ജപ്പാന്‍ നേരിടുന്ന വെല്ലുവിളികളാണ് ഇതിലൂടെ വ്യക്തമാകുന്നത്. നഗരങ്ങളിലേക്കുള്ള കുടിയേറ്റം മൂലം ഗ്രാമങ്ങളിലെ ജനസംഖ്യ കുറയുകയും ആളൊഴിഞ്ഞ വീടുകളുടെ എണ്ണം വര്‍ധിക്കുകയുമാണ്. ദേശീയ സെന്‍സസ് പ്രകാരം, ടോക്കിയോയിലെ 23 വാര്‍ഡുകള്‍ ഒഴികെ രാജ്യത്തെ പകുതിയിലധികം മുനിസിപ്പാലിറ്റികളും ജനസംഖ്യ കുറഞ്ഞ പ്രദേശങ്ങളായിട്ട് കണക്കാക്കുന്നത്.

അതേസമയം, നഗരങ്ങളിലേക്ക് ആളുകള്‍ കുടിയേറുന്നത് വര്‍ധിച്ചതോടെ നഗരങ്ങളിൽ സ്ഥല ലഭ്യത കുറയുകയും സ്ഥലത്തിന്റെ വില കുതിച്ചുയരുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റം, ജപ്പാനിലെ വലിയ ജനസംഖ്യാ പ്രതിസന്ധിയെക്കൂടിയാണ് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. കുറഞ്ഞ ജനനനിരക്കും ഉയര്‍ന്ന ആയൂര്‍ദൈര്‍ഘ്യത്തിനുമെതിരെ ജപ്പാന്‍ പോരാടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.

ഉയര്‍ന്ന ജീവിതച്ചെലവ്, പരിമിതമായ സ്ഥലം, നഗരങ്ങളില്‍ കുട്ടികളെ നോക്കാൻ ആളുകളുടെ കുറവ് എന്നിവ ജനനിരക്ക് കുറയാന്‍ കാരണമായെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജപ്പാനിലെ മറ്റ് 47 പ്രധാന നഗരങ്ങളില്‍ വച്ച് ഫെര്‍ട്ടിലിറ്റി നിരക്ക് ഏറ്റവും കുറവ് ടോക്കിയോയിലാണ്. തെക്കന്‍ ജപ്പാനിലെ നഗോറോ എന്ന ഗ്രാമത്തില്‍, 2019 ല്‍ 30-ല്‍ താഴെ താമസക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇവിടുത്തെ ഒരേയൊരു സ്‌കൂളിലെ അവസാന ബാച്ച് വിദ്യാര്‍ത്ഥികളും പഠനം പൂർത്തിയാക്കിയതിനെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായും പ്രാദേശിക മേഖലകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായും 2019-ലാണ് ജാപ്പനീസ് സര്‍ക്കാര്‍ പുതിയ പദ്ധതി ആരംഭിച്ചത്‌.

ഇതനുസരിച്ച്, ടോക്കിയോയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തവര്‍ ഗ്രാമപ്രദേശങ്ങളിലേക്ക് മാറുകയാണെങ്കില്‍ 600,000 യെന്‍ (ഏകദേശം 3.5 ലക്ഷം രൂപ) ലഭിക്കും. അതേസമയം, ദമ്പതികള്‍ക്ക് 10 ലക്ഷം യെന്‍ ആണ് ലഭിക്കുക.

കഴിഞ്ഞ വര്‍ഷം, സിംഗിള്‍ പേരന്‍സിനും കുട്ടികളുള്ള ദമ്പതികളും നഗരത്തിൽ നിന്ന് മാറി താമസിക്കുകയാണെങ്കിൽ ഒരു കുട്ടിക്ക് 300,000 യെന്‍ (ഏകദേശം ഒന്നര ലക്ഷം രൂപ) ലഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രാദേശിക മേഖലകളിലേക്ക് താമസം മാറുന്നവര്‍ക്ക് ആ പ്രദേശത്ത് ജോലി ചെയ്യാനോ സ്വന്തം ബിസിനസ്സ് തുടങ്ങാനോടോക്കിയോ ആസ്ഥാനമായുള്ള ജോലികളില്‍ വിദൂരമായി ജോലി ചെയ്യാനോ വേണ്ട സഹായം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here