രാജ്യത്തെ സാമ്പത്തികപരമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ ഉപരിപഠനത്തിന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നൽകുന്ന സ്കോളർഷിപ്പാണ്, സുവർണ ജൂബിലി സ്കോളർഷിപ്പ്.ഒരു കുടുംബത്തിൽ നിന്ന് ഒരു വിദ്യാർത്ഥിക്ക് മാത്രമേ സ്കോളർഷിപ്പ് ആനുകൂല്യം ലഭിക്കുകയുള്ളൂ. എൽ.ഐ.സി.വെബ് സൈറ്റിലെ “ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ ” ലിങ്ക് വഴിയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. ഓരോ ഡിവിഷനിലും 20 വിദ്യാർഥികൾക്കും 10 സ്പെഷൽ ഗേൾ ചൈൽഡ് വിഭാഗക്കാർക്കുമാണ്, സ്കോളർഷിപ്പ് ലഭിക്കാനവസരമുള്ളത്. ഡിസംബർ 18വരെയാണ്, അപേക്ഷ സമർപ്പിക്കാനവസരമുള്ളത്.
നിബന്ധനകളും ആനുകൂല്യങ്ങളും
അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. 60 ശതമാനം മാർക്കോടെ 2021-22ൽ പ്ലസ് ടു പാസായവർക്ക് തുടർ പഠനത്തിനും 60 ശതമാനം മാർക്കോടെ 2021-22ൽ 10-ാം ക്ലാസ് ജയിച്ചവർക്ക് ഡിപ്ലോമ വൊക്കേഷനൽ / ഐടിഐ
പഠനത്തിനുമാണ് , സ്കോളർഷിപ്പ് ആനുകൂല്യം ലഭിക്കുക. അർഹരായവർക്ക് കോഴ്സ് പൂർത്തിയാക്കും വരെയും സ്പെഷൽ ഗേൾ ചൈൽഡിന് രണ്ടു വർഷത്തേക്കുമാണ്, സ്കോളർഷിപ്പ് ആനുകൂല്യം.പ്രതിവർഷം 20,000/- രൂപ വീതം മൂന്നു ഗഡുക്കളായി തെരഞ്ഞെടുക്കപെടുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എൽ.ഐ.സി. നൽകും. പ്ലസ് ടു പഠനത്തിലുള്ളവർക്ക്, പ്രതിവർഷം 10,000/- രൂപയാണ് ലഭിക്കുക.