ദോഹ: അക്ഷരാർത്ഥത്തിൽ ലുസൈൽ സ്റ്റേഡിയത്തിനെ പ്രകമ്പനം കൊള്ളിച്ച് മിശിഹായുടെ പ്രകടനം. തികച്ചും ഏകപക്ഷീയമായ പോരാട്ടത്തിൽ ക്രൊയേഷ്യയെ മറികടന്നപ്പോൾ ഇത്തവണയും അർജന്‍റീനയ്ക്കായി തിളങ്ങിയത് ലയണൽ മെസി തന്നെ. പെനാൽറ്റി കിക്കിലൂടെ ഒരു ഗോൾ നേടിയ മെസി, മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഇന്നത്തെ മത്സരത്തോടെ ഒരുപിടി അനുപമമായ റെക്കോർഡുകളും മെസിയുടെ പേരിൽ എഴുതിച്ചേർക്കപ്പെട്ടു.
ലോകകപ്പിൽ അർജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടുന്ന താരമായി ലയണൽ മെസി മാറി. ക്രൊയേഷ്യയ്ക്കെതിരെ 34-ാം മിനിട്ടിൽ നേടിയ പെനാൽറ്റി ഗോളോടുകൂടി മെസിയുടെ ലോകകപ്പ് ഗോൾനേട്ടം 11ൽ എത്തി. 10 ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ് അർജന്‍റീന ഇക്കാര്യത്തിൽ മറികടന്നത്.
കൂടാതെ ഏറ്റവുമധികം ലോകകപ്പ് മത്സരം കളിച്ച താരമെന്ന നേട്ടം ജർമ്മൻ ഇതിഹാസം ലോതർ മത്യാസിനൊപ്പം പങ്കിടാനും ലയണൽ മെസിക്ക് സാധിച്ചു. അഞ്ചാം ലോകകപ്പ് കളിക്കുന്ന മെസിക്ക് സെമിഫൈനലിലെ വിജയത്തോടെ ഒരു ലോകകപ്പ് മത്സരം കൂടി കളിക്കാൻ അവരമൊരുങ്ങിയിരിക്കുകയാണ്. ഫൈനലിൽ ഇറങ്ങുന്നതോടെ ഏറ്റവുമധികം ലോകകപ്പ് മത്സരമെന്ന നേട്ടം മെസിയുടെ പേരിലേക്ക് മാത്രമായി മാറും.
ഇന്നത്തെ ഗോൾ നേട്ടത്തോടെ ഈ ലോകകപ്പിലെ സുവർണ പാദുകത്തിനായുള്ള പോരാട്ടത്തിൽ മെസി ഫ്രഞ്ച് താരം കീലിയൻ എംബാപ്പെയ്ക്കൊപ്പമെത്തി. കൂടാതെ ഈ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്ക്കാരമായ ഗോൾഡൻ ബോൾ നേടാനുള്ള മത്സരത്തിലും മെസി ഏറെ മുന്നിലാണ്. 37കാരനായ മെസി മത്സരത്തിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ ഒരേ മികവോടെയാണ് കളത്തിൽ മിന്നിത്തിളങ്ങിയത്. പലപ്പോഴും കരുത്തുറ്റ ക്രൊയേഷ്യൻ പ്രതിരോധത്തെ മെസി വിറപ്പിച്ചു. മത്സരത്തിൽ അർജന്‍റീനയ്ക്ക് വ്യക്തമായ മേധാവിത്വം നേടിക്കൊടുത്തതും മെസിയുടെ ഈ തകർപ്പൻ പ്രകടനം തന്നെയാണ്.