
ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 89 വയസ്സുള്ള മാതാവും നാല് മക്കളുമാണ് 14 ദിവസത്തിനുളലില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ ഒരു മകന്‍ ഇതേ കാലയളവില്‍ ക്യാന്‍സര്‍ ബാധിച്ചും മരിച്ചു. ഇപ്പോൾ രണ്ട് പേര്‍ മാത്രമാണ് കുടുംബത്തില്‍ അവശേഷിക്കുന്നത്.
തിങ്കളാഴ്ചയാണ് ഒടുവലിത്തെ മരണം. 89കാരിയുടെ രണ്ടാമത്തെ മകനായ 71കാരനാണ് റാഞ്ചി ആശുപത്രിയില്‍ മരിച്ചത്. കൊവിഡ് ചികിത്സയിലായിരുന്ന ഇയാളെ ആശുപത്രി ബാത്ത് റൂമില്‍ വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ദില്ലിയിലേക്ക് താമസം മാറിയ ഇവര്‍ ജൂണ്‍ 27ന് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് കുടുംബ സമേതം ധന്‍ബാദില്‍ എത്തിയത്.
അതേദിവസം തന്നെ തളര്‍ന്ന് വീണ 89കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലായ് നാലിന് ഇവര്‍ മരിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ജൂലായ് എട്ടിന് 69കാരനായ മകന് കൊവിഡ് സ്ഥിരീകരിച്ചു. ധന്‍ബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11ന് മരിച്ചു. ക്വാറന്റൈനിലായിരുന്ന 69കാരനായ മറ്റൊരു മകന്‍ ജൂലായ് 12ന് മരിച്ചു. ഇയാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അന്നേ ദിവസം 72കാരനായ മറ്റൊരു മകനും മരിച്ചു.മൂന്ന് പേരുടെയും ശവസംസ്‌കാരം 13നാണ് നടന്നത്. ശവസംസ്‌കാരത്തിനിടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.