സംസ്ഥാനത്തെ നടുക്കിയ പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ (Parassala Sharon Raj Murder Case) മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റിയെന്ന് റിപ്പോർട്ടുകൾ. മുൻപ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ കുറ്റസമ്മത മൊഴി ഗ്രീഷ്മ മജിസ്ട്രേറ്റിന് മുന്നിൽ നിഷേധിക്കുകയായിരുന്നു. പൊലീസ് നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചെന്നാണ് ഗ്രീഷ്മ മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്. നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുമ്പാകെയാണ് ഗ്രീഷ്മ രഹസ്യമൊഴി നല്‍കിയിരിക്കുന്നത്.
ഷാരോണിനെ ജ്യൂസില്‍ വിഷം കലര്‍ത്തി കൊന്നത് താനാണെന്ന് ഗ്രീഷ്മ നേരത്തെ അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തിയിരുന്നു. പലതവണ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഗ്രീഷ്മ വ്യകതമാക്കിയിരുന്നു. എന്നാല്‍ അന്വേഷണസംഘം നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതായാണ് ഗ്രീഷ്മയുടെ ഇപ്പോഴത്തെ മൊഴി എന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
തന്നോട് കുറ്റസമ്മതം നടത്തുകയാണെങ്കിൽ അമ്മയെയും അമ്മാവനെയും പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും രഹസ്യമൊഴിയില്‍ ഗ്രീഷ്മ പറയുന്നുണ്ട്. താൻ കുറ്റം സമ്മതിച്ചെങ്കിലും കാര്യങ്ങൾ മറിച്ചാണ് സംഭവിച്ചതെന്നും ഗ്രീഷ്മ പറയുന്നു. അമ്മയേയും അമ്മാവനേയും പ്രതികളാക്കി ജയിലനുള്ളിലിട്ടു. ഇതുകൊണ്ടാണ് താൻ ഇപ്പോള്‍ രഹസ്യ മൊഴി നല്‍കുന്നതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉച്ചയോടെ അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് അന്വേഷണസംഘം ഗ്രീഷ്മയുമായി നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തുകയായിരുന്നു. അഭിഭാഷകനുമായി രണ്ട് മിനിറ്റ് തനിച്ച് സംസാരിക്കാന്‍ ഗ്രീഷ്മക്ക് അവസരം നല്‍കാനും പൊലീസ് തയ്യാറായി. തുടർന്ന് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിൻ്റെ മുറിയില്‍ പൊലീസ് ഗ്രീഷ്മയെ എത്തിച്ചു. പെന്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തണമോ എന്ന മജസ്‌ട്രേറ്റിൻ്റെ ചോദ്യത്തിന് ഗ്രീഷ്മ വേണമെന്ന് മറുപടി നല്‍കുകയും ചെയ്തു. തുടർന്ന് മജിസ്‌ട്രേറ്റിന്റെ മുറിയില്‍ വച്ച് രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു. രഹസ്യ മൊഴി രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ വീഡിയോ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
അതേസമയം ഗ്രീഷ്മയുടെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 22 വരെ നീട്ടിയിട്ടുണ്ട്.