കറുത്ത വംശജയായ സ്ത്രീയുടെ കോഫി കപ്പിന് പുറത്ത് അധിക്ഷേപകരമായ പരാമര്‍ശം

0
66

കറുത്ത വംശജയായ സ്ത്രീയുടെ കോഫി കപ്പിന് പുറത്ത് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ സ്റ്റാര്‍ബക്സ് ജീവനക്കാരനെതിരെ നടപടി. പ്രമുഖ കോഫി ബ്രാന്‍ഡായ സ്റ്റാര്‍ബക്സിന്‍റെ കാപ്പി ഓര്‍ഡര്‍ ചെയ്ത കറുത്ത വംശജയുടെ കപ്പിന് പുറത്ത് കുരങ്ങ് എന്നായിരുന്നു ജീവനക്കാരന്‍ എഴുതിയത്. ഓര്‍ഡര്‍ ചെയ്തയാളുടെ പേര് രേഖപ്പെടുത്തേണ്ട ഇടത്തായിരുന്നു അധിക്ഷേപകരമായ ഈ പരാമര്‍ശം. മോണിക് പഗ് എന്ന വനിതയ്ക്കാണ് പ്രമുഖ കോഫി ബ്രാന്‍ഡില്‍ നിന്ന് തിക്താനുഭവം ഉണ്ടായത്.

ഓര്‍ഡര്‍ സ്വീകരിക്കുന്ന സമയത്ത് മോണികിന്‍റെ പേര് ചോദിച്ചിരുന്നുവെങ്കിലും ലഭിച്ച കോഫി കപ്പിന്‍റെ പുറത്ത് പേരിന് പകരം കുരങ്ങ് എന്നായിരുന്നു എഴുതിയിരുന്നത്. 20 വര്‍ഷത്തോളം സ്റ്റാര്‍ബക്ക്സിന്‍റെ കസ്റ്റമര്‍ ആണെന്നാണ് മോണിക് വിശദമാക്കുന്നത്. തനിക്ക് മുന്നില്‍ ക്യൂവിലുണ്ടായിരുന്നവരുടെയെല്ലാം പേര് കൃത്യമായി കോഫി കപ്പിന് പുറത്ത് രേഖപ്പെടുത്തുമ്പോഴാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. കാരമല്‍ ഫ്രാപ്പുച്ചീനോ ആയിരുന്നു യുവതി ആവശ്യപ്പെട്ടത്. കോഫി ഷോപ്പില്‍ ഈ സമയത്തുണ്ടായിരുന്ന ഒരേയൊരും കറുത്ത വംശജ താനായിരുന്നവെന്നും മോണിക് പറയുന്നു. കോഫി കപ്പില്‍ കുരങ്ങ് എന്ന് എഴുതി കണ്ടപ്പോള്‍ ഹൃദയം നിലച്ചത് പോലെ തോന്നിയെന്നാണ് യുവതി പറയുന്നത്.

തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ കൌണ്ടറിലുണ്ടായിരുന്നയാള്‍ ദേഷ്യപ്പെട്ടതായും ക്ഷമാപണം നടത്താന്‍ വിസമ്മതിച്ചതായും വനിത പറയുന്നു. കോഫി ഷോപ്പിലുണ്ടായ ഏക കറുത്ത വംശജ എന്നപേരില്‍ തന്നെ കുരങ്ങെന്ന് അധിക്ഷേപിക്കാമോയെന്നാണ് മോണിക് ചോദിക്കുന്നത്. കടയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പരസ്യമയായി അധിക്ഷേപം നേരിട്ടുവെന്നാണ് സംഭവത്തേക്കുറിച്ച് യുവതി പ്രതികരിക്കുന്നത്. മോശം പെരുമാറ്റം നടത്തിയ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തുവെന്ന് സ്റ്റാര്‍ ബക്ക്സ് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here