തിരുവനന്തപുരം • സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ മൂവായിരത്തോളം ജനപ്രതിനിധികൾ പരീക്ഷ എഴുതാൻ നാളെ കോളജുകളിലേക്ക്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും’ എന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ആദ്യ ബാച്ചിന്റെ സെമസ്റ്റർ പരീക്ഷയാണ് 28 കോളജുകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ നാളെ രാവിലെ 10.30നു നടക്കുന്നത്.
ഏഴായിരം പേരാണു കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരഭിച്ച കോഴ്സിനു റജിസ്റ്റർ ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ ആദ്യ വിദ്യാർഥിയായി ചേർന്ന തിരുവനന്തപുരം മേയർ ഉൾപ്പെടെയുള്ളവർക്കു സമയക്കുറവു മൂലം പഠനം മുന്നോട്ടു കൊണ്ടുപോകാനായില്ല.
പരീക്ഷാഫലം ഈ മാസം വരും. വിജയികൾക്ക് മേയ് 31, ജൂൺ 1 തീയതികളിൽ കൊല്ലത്ത് ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന സംസ്ഥാനതല അക്കാദമിക് കൂട്ടായ്മയിലേക്കു ക്ഷണം ലഭിക്കും. ഉന്നത വിജയം നേടുന്ന 10 പേർക്കു പ്രത്യേക പുരസ്കാരവും നൽകും.