ഒരേസമയം കൈ-കാലുകൾ കൊണ്ട് ക്യാൻവാസിൽ അത്ഭുതം തീർത്ത് അനസ് എന്ന കലാകാരൻ. ഒരേ സമയം രണ്ടും കൈകകളും കാലുകളും ഉപയോഗിച്ച് നാലു വിവിധ ചിത്രങ്ങളാണ് അനസ് വരച്ചത്. അതും തല കുത്തി കിടന്നു കൊണ്ട്. അനസ് എന്ന കലാകാരൻ ഇങ്ങനെ വരച്ച നടൻ പൃഥ്വിരാജിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും ഒപ്പം വരയ്ക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
സുകുമാരൻ, മല്ലികാ സുകുമാരൻ, ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെയാണ് കൈകാലുകൾ കൊണ്ട് ഒരു ചുമരിന്റെ നാലു മൂലകളിലായി അനസ് വരച്ചത്. സുകുമാരനെയും മല്ലികയെയും ചുവരിനു താഴെ കൈകൾ കൊണ്ടു വരച്ചപ്പോൾ ഇന്ദ്രജിത്തിനെയും പൃഥ്വിയെയും മുകളിൽ കാലുകൾ കൊണ്ടു വരച്ചു. അനസ് വരയ്ക്കുന്ന വിഡിയോ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതോടെ സംഗതി വൈറലായി.
അനസിന്റെ അത്ഭുതപൂർവമായ പ്രകടനത്തെ നിരവധി ആളുകളാണ് പ്രകീർത്തിക്കുന്നത്. നേരത്തെ വിജയ് സേതുപതി ഉൾപ്പടെയുള്ള താരങ്ങളെയും അനസ് ഇത്തരത്തിൽ വരച്ചിട്ടുണ്ട്.