ലാഹോർ: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടി20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗുമായി ലോക റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട്. ടെസ്റ്റിന്‍റെ ആദ്യ ദിനം 500 റണ്‍സിന് മുകളില്‍ നേടിയ ഇംഗ്ലണ്ട് ഒരു ടെസ്റ്റില്‍ ഒരു ദിവസം 500ന് മുകളില്‍ റണ്‍സടിക്കുന്ന ആദ്യ ടീമായി. 112 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഒരു ദിവസം 500ന് മുകളില്‍ റണ്‍സടിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയ നേടിയ 494-6 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് ഇന്ന് പിന്നിലാക്കിയത്. വെളിച്ചക്കുറവ് മൂലം ഇന്ന് 75 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. 6.75 ഇക്കോണമിയിലാണ് ഇംഗ്ലണ്ട് ഇന്ന് റണ്‍സടിച്ചത്.
ആദ്യ ദിനത്തിലെ ആദ്യ സെഷനില്‍ 174, രണ്ടാം സെഷനില്‍ 158, മൂന്നാം സെഷനില്‍ 174 എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ട് സ്കോര്‍ ചെയ്തത്. അവസാന 174 റണ്‍സ് വെറും 21 ഓവറിലാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇംഗ്ലണ്ടിനായി നാലു ബാറ്റര്‍മാര്‍ സെഞ്ചുറി നേടി. ടെസ്റ്റ് ചരിത്രത്തില്‍ ഒരു ടീമിലെ നാലു പേര്‍ സെഞ്ചുറി നേടുന്നതും ഇതാദ്യമായാണ്. ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 13.5 ഓവറില്‍ ഇംഗ്ലണ്ടിനെ 100 കടത്തി. 86 പന്തില്‍ ക്രോളി സെഞ്ചുറി തികച്ചപ്പോള്‍ ഡക്കറ്റും പിന്നാലെ സെഞ്ചുറിയിലെത്തി. ജോ റൂട്ട് നിരാശപ്പെടുത്തിയെങ്കിലും പിന്നാലെ വന്ന ഒലി പോപ്പും ഹാരി ബ്രൂക്കും സെഞ്ചുറികള്‍ നേടി. 80 പന്തിലാണ് ബ്രൂക്ക് സെഞ്ചുറി തികച്ചത്. പാക് സ്പിന്നറായ സൗദ് ഷക്കീലിനെ ഒരോവറില്‍ ആറു ഫോറടിച്ച് ബ്രൂക്ക് ഇംഗ്ലണ്ടിന്‍റെ അതിവേഗ ടെസ്റ്റ് സെഞ്ചുറിക്ക് അരികിലെത്തിയെങ്കിലും 90കളില്‍ വേഗം കുറഞ്ഞതോടെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ് കൈവിട്ടു.