ദില്ലി; 2022 ലെ ഏറ്റവും വലിയ സൂപ്പർ മൂണിന് സാക്ഷിയാകാനൊരുങ്ങി ലോകം.13 നാണ് സൂപ്പർ മൂൺ ദൃശ്യമാകുക. ഇത്തവണ ദൃശ്യങ്ങൾ ദിവസങ്ങളോളം നീണ്ട് നിൽക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്.
ചന്ദ്രന്റെ സഞ്ചാര പാത ഭൂമിയ്ക്ക് ഏറ്റവും അടുത്തെത്തുന്ന അവസരത്തിലാണ് സൂപ്പർ മൂൺ ദൃശ്യമാകുന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ ഏകദേശം മൂന്ന് ദിവസത്തേക്ക് ചന്ദ്രൻ പൂർണ്ണമായി ദൃശ്യമാകും,യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പ്രസ്താവനയിൽ പറഞ്ഞു.
ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് ഭൂമിക്ക് ഏറ്റവും അടുത്ത് ചന്ദ്രനെത്തുക. ഭൂമിയില്‍ നിന്ന് 3,57,264 കിലോമീറ്റര്‍ അകലെ മാത്രമാകും ഈ സമയത്ത് ചന്ദ്രന്‍. ബുധനാഴ്ച വൈകുന്നേരത്തോടെ പൂർണ്ണചന്ദ്രൻ തെക്കുകിഴക്കൻ ചക്രവാളത്തിന് 5 ഡിഗ്രി മുകളിൽ ദൃശ്യമാകുമെന്ന് നാസ അറിയിച്ചു.