‘ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും, പ്രഖ്യാപനവുമായി മുഖ്യമന്ത്രി

0
47

വയനാട് ദുരന്തത്തില്‍ മുഴുവന്‍ കുടുംബത്തെയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് മുഖ്യമന്ത്രി. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും കാര്യമായ സഹായം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫലപ്രദമായ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം കൂടാതെ 219 കോടി 20 ലക്ഷം രൂപ അടിയന്തര സഹായമായി അഭ്യര്‍ത്ഥിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതമായ 291 കോടി 20 ലക്ഷം രൂപയുടെ ആദ്യഗഡു 145.6 കോടി അനുവദിച്ചിട്ടുണ്ട്. രണ്ടാം ഗഡുവായ 145 കോടി 60 ലക്ഷം രൂപ അഡ്വാന്‍സായി ഇപ്പോള്‍ അനുവദിച്ചു. ഇത് സാധാരണ നടപടിക്രമമാണ്. ദുരന്തത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക സഹായമല്ല. സഹായം നല്‍കാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലും വാഗ്ദാനം ലഭിച്ചു.പക്ഷേ കാര്യമായ സഹായം ലഭിച്ചില്ല – മുഖ്യമന്ത്രി വിശദമാക്കി. അര്‍ഹമായ സഹായം വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നു മാതാപിതാക്കള്‍ രണ്ടു പേരും നഷ്ടപ്പെട്ട 6 കുട്ടികളുണ്ട്. ഇവര്‍ക്ക് ഒരു കുട്ടിക്ക് 10 ലക്ഷം രൂപ വീതം നല്‍കും.
മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട 8 കുട്ടികളള്‍ ഉണ്ട്. ഇതില്‍ ഒരു കുട്ടിക്ക് 5 ലക്ഷം രൂപ എന്ന നിലയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റവും അനുയോജ്യമാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത് രണ്ട് സ്ഥലങ്ങളാണ്. ഒന്ന് മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്. രണ്ട്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റ്. ഈ രണ്ടിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിന്റെ നിയമ വശം പരിശോധിക്കുമെന്നും ആദ്യ ഘട്ടത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here