കൊൽക്കത്ത: ചോക്ലേറ്റ് മോഷ്ടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ നാണക്കേട് ഭയന്ന് വിദ്യാർഥിനി ജീവനൊടുക്കി. പശ്ചിമബംഗാളിൽ അലിപുർദുവാരിലാണ് സംഭവം. മൂന്നാം വർഷ ബിരുദ വിദ്യാര്‍ഥനിയാണ് ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിനിയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സെപ്തംബർ 29 ന് പെൺകുട്ടി സഹോദരിയുമൊത്ത് പ്രദേശത്തെ ഒരു ഷോപ്പിംഗ് മാളിലേക്ക് പോയിരുന്നുവെന്നും ചോക്ലേറ്റ് മോഷ്ടിക്കുന്നതിനിടെ കടയുടെ മാനേജർ പിടികൂടിയിരുന്നു. പിന്നീട് വിദ്യാർത്ഥിനി ചോക്ലേറ്റിന്റെ വില നൽകുകയും സ്റ്റോർ അധികൃതരോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
കടയിലുണ്ടായിരുന്ന ചിലര്‍ സംഭവത്തിന്റെ വീഡിയോ പകർത്തിയിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ വിദ്യാർത്ഥിനിയെ ആളുകൾ കളിയാക്കാൻ തുടങ്ങിയെന്ന് ഇരയുടെ കുടുംബം പറഞ്ഞു. പിന്നാലെ അപമാനം സഹിക്കാനാവാതെ ജീവനൊടുക്കിയതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
അതേസമയം വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചു.പെൺകുട്ടിയുടെ ആത്മഹത്യയെത്തുടർന്ന് രോഷാകുലരായ ആളുകൾ ഷോപ്പിംഗ് മാളിന് പുറത്ത് പ്രകടനം നടത്തുകയും ചെയ്തു.