ഏവർക്കും പ്രിയപ്പെട്ട ചോക്ലേറ്റ് ബ്രാൻഡുകളിൽ ഒന്നാണ് കാഡ്ബറി. എന്നാൽ ഞായറാഴ്ച മുതൽ കാഡ്ബറിക്കെതിരെ സോഷ്യൽ മീഡിയയിൽ ബഹിഷ്കരണ ക്യാമ്പെയിൻ ആരംഭിച്ചിരിക്കുകയാണ്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ദീപാവലിയുമായി ബന്ധപ്പെട്ട് കാഡ്ബറി ഒരു പുതിയ പരസ്യം പുറത്തിറക്കിയിട്ടുണ്ട്. ഈ പരസ്യമാണ് കമ്പനിക്ക് തിരിച്ചടിയായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പരസ്യത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ കാഡ്ബറി ബ്രാൻഡ് നേരിട്ട നിരവധി മോശം ക്യാമ്പെയിനുകളിൽ ഏറ്റവും അവസാനത്തേതാണ് ഇത്. കാഡ്ബറി ചോക്ലേറ്റിൽ ബീഫിൻെറ അംശമുണ്ടെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.
എന്താണ് കാഡ്ബറി ബഹിഷ്കരണ പ്രചരണത്തിന് പിന്നിൽ നടക്കുന്നതെന്ന് നമുക്ക് വിശദമായി പരിശോധിക്കാം. പരസ്യത്തിന്റെ ഇതിവൃത്തം ഇങ്ങനെയാണ്: ഒരു ഡോക്ടർ പ്രായമായ വിളക്ക് വിൽപ്പനക്കാരൻെറ അടുത്ത് ചെല്ലുകയാണ്. വിൽപ്പനക്കാരൻ എന്തെങ്കിലും വേണോയെന്ന് ചോദിച്ചപ്പോൾ ഡോക്ടർ ദീപാവലി സമ്മാനമായി ഒരു പായ്ക്കറ്റ് ചോക്ലേറ്റുകൾ അടങ്ങിയ ‘കാഡ്‌ബറി സെലിബ്രേഷൻസ്’ നൽകി. ക്യൂആർ കോഡ് സ്കാൻ ചെയ്ത് കൊണ്ട് കച്ചവടം എങ്ങനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാമെന്നും ഡോക്ടർ വിൽപ്പനക്കാരന് കാണിച്ച് കൊടുക്കുന്നു.
പരസ്യത്തിന്റെ തുടക്കത്തിൽ, വിൽപനക്കാരനെ ‘ദാമോദർ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഡോക്ടർ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിൻെറ പേര് ദാമോദർ ദാസ് മോദി എന്നാണ്. വിളക്ക് വിൽപ്പനക്കാരൻെറ പേരും ദാമോദർ എന്നാണ്. എന്നാൽ വയോധികനായ കച്ചവടക്കാരന് ദാമോദർ എന്ന് പേര് നൽകിയതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. ഇതാണ് കാഡ്ബറിയെ വെട്ടിലാക്കിയിരിക്കുന്നത്.
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് പ്രാചി സാധ്വി ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിൽ പോസ്റ്റ് ഇട്ടതോടെ വിവാദം തുടങ്ങി. നരേന്ദ്ര മോദിയുടെ പിതാവ് ദാമോദർദാസ് മോദിയെ മോശമായി കാണിക്കാൻ പരസ്യം ഉപയോഗിച്ചുവെന്നാണ് അവരുടെ ആരോപണം. “ടിവി ചാനലുകളിലെ കാഡ്ബറി ചോക്ലേറ്റിന്റെ പരസ്യം നിങ്ങൾ ശ്രദ്ധാപൂർവം കണ്ടുവോ? സ്വന്തമായി കട പോലുമില്ലാത്ത പാവപ്പെട്ട കച്ചവടക്കാരന് ദാമോദർ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേരുള്ള ഒരാളെ മോശമായി ചിത്രീകരിക്കാനാണ് ഇതിലൂടെ ശ്രമിച്ചിരിക്കുന്നത്. കാഡ്ബറി കമ്പനിയെക്കുറിച്ചോർത്ത് ലജ്ജിക്കുന്നു,” അവർ ട്വിറ്ററിൽ കുറിച്ചു. പ്രാചിയുടെ പോസ്റ്റ് വന്നതിന് പിന്നാലെ കാഡ്ബറി ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ കാമ്പെയിനും തുടങ്ങിയിട്ടുണ്ട്.