ന്യൂദല്‍ഹി: പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, പാഴ്‌സി, ക്രിസ്ത്യന്‍, ബുദ്ധ, ജൈന സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഗുജറാത്തിലെ രണ്ട് ജില്ലാ കളക്ടര്‍മാര്‍ക്ക് കൂടി അധികാരം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗുജറാത്തിലെ മെഹ്സാന, ആനന്ദ് എന്നീ രണ്ട് ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍ക്കാണ് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
ഇതാദ്യമായല്ല ജില്ലാ മജിസ്ട്രേറ്റുകള്‍ക്കോ കളക്ടര്‍മാര്‍ക്കോ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരം അധികാരങ്ങള്‍ കൈമാറുന്നത്. നേരത്തെ ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ നിരവധി ജില്ലകളിലെ ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് ഈ അധികാരം നല്‍കുന്നതിന് സമാനമായ ഉത്തരവുകള്‍ 2016, 2018, 2021 വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ചിരുന്നു.
പൗരത്വം ഒരു കേന്ദ്ര വിഷയമായതിനാല്‍ കാലാകാലങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരം അധികാരങ്ങള്‍ വിനിയോഗിക്കാന്‍ സംസ്ഥാന ഉദ്യോഗസ്ഥരെ നിയോഗിക്കാറുണ്ട്. സാധുവായ രേഖകളില്‍ ഇന്ത്യയില്‍ പ്രവേശിച്ച ആറ് സമുദായങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ആണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
1955 ലെ പൗരത്വ നിയമത്തിന്റെ സെക്ഷന്‍ 5, 6 എന്നിവ പ്രകാരം ഇതിനകം പൗരത്വത്തിന് അപേക്ഷിച്ച പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള നിയമപരമായ കുടിയേറ്റക്കാര്‍ക്ക് ആണ് ഇത് പ്രയോജനം ചെയ്യുക. അപേക്ഷ ഓണ്‍ലൈനായി നല്‍കണമെന്നും ജില്ലാതലത്തില്‍ കളക്ടര്‍ പരിശോധിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്നും അറിയിപ്പില്‍ പറയുന്നു.