തിരുവനന്തപുരം പുല്ലുവിളയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നടന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ. സംസ്കാരച്ചടങ്ങിൽ സഹകരിച്ച ബന്ധുക്കളും നാട്ടുകാരും ഇപ്പോൾ ഭീതിയിലാണ്.
ഈ മാസം 15 നാണ് പുല്ലുവിള പിപി വിളാകം സ്വദേശിനി വിക്ടോറിയ വീട്ടിൽ വച്ച് മരിച്ചത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. 5 ദിവസം കഴിഞ്ഞിട്ടും അറിയിപ്പൊന്നും ലഭിക്കാതിരുന്നതോടെ മൃതദേഹം വിട്ടു നല്കണമെന്ന് ബന്ധുക്കൾ അറിയിച്ചു. 19 ന് വിട്ടു നല്കിയ മൃതദേഹം അന്ന് വീട്ടിൽ പൊതു ദർശനത്തിന് വച്ച ശേഷം പിറ്റേന്നാണ് സംസ്കരിച്ചത്. നിരവധി പേർ വീട്ടിൽ വരികയും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തതായാണ് വിവരം. ആരും സുരക്ഷാ മുൻ കരുതലുകൾ എടുത്തിരുന്നില്ല. സംസ്കാരച്ചടങ്ങുമായി സഹകരിച്ചവർ മുഴുവൻ ഇപ്പോൾ ആശങ്കയിലാണ്.
എന്നാൽ, ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കോവിഡ് പരിശോധനഫലം പ്രതീക്ഷിക്കുകയാണെന്നും മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരം നടത്തണമെന്നും നിർദേശിച്ചിരുന്നതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. അത്തരം നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും കോവി ഡ് നെഗറ്റീവ് എന്ന് കരുതിയാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹ പരിശോധനാ ഫലത്തിന് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതാണ് പ്രതിസന്ധിക്ക് കാരണം.
ഇതിനിടെ ചാല മാർക്കറ്റിലും കരിമഠം കോളനിയിലുo അഞ്ചു പേർക്ക് വീതം കോവിഡ് സ്‌ഥിരീകരിച്ചു. കൂടുതൽ പേരിൽ പരിശോധന നടക്കുന്നുണ്ട്. തീരമേഖലയിൽ പുതിയതായി പരിശോധിക്കുന്ന പ്രദേശങ്ങളിലും രോഗബാധയുണ്ട്. അടിമലത്തുറയിൽ 36 പേരെ പരിശോധിച്ചതിൽ 30 പേർക്കും കോവി ഡ് കണ്ടെത്തിയിട്ടുണ്ട്.