തിരുവനന്തപുരം: പാറശ്ശാലയിൽ കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തിൽ നീതി തേടി മരിച്ച ഷാരോൺ രാജിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്. ലോക്കൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. രണ്ട് ദിവസത്തിനകം അന്വേഷണ പുരോഗതിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. എന്നാൽ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.
സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് ഷാരോണിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നത്. ഷാരോൺ രാജിനെ വിഷം നൽകി കൊല്ലുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. അന്ധവിശ്വാസത്തിന്‍റെ ഭാഗമായി കാമുകി മകനെ വകവരുത്തിയാതാണെന്നും ആരോപണമുണ്ട്. ഷാരോണിന് കഷായം നൽകിയെന്ന് സമ്മതിച്ചും ക്ഷമാപണം നടത്തിയും കാമുകി അയച്ച വാട്സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്തുവന്നു. എന്നാൽ, ആന്തരികവായവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്വേഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.