വിളമ്പിയെത്തുന്ന ഭക്ഷണം വിളയുന്നതെങ്ങനെ, വിളവെടുക്കുന്നതെങ്ങനെ

0
69

തൃശൂർ• വിളമ്പിയെത്തുന്ന ഭക്ഷണം വിളയുന്നതെങ്ങനെ, വിളവെടുക്കുന്നതെങ്ങനെ എന്നു കുട്ടികൾ അറിയാൻ കർഷകൻ അജിത് നാരങ്ങളിൽ എന്ന കർഷകൻ ഒരു ഓഫർ മുന്നോട്ടുവയ്ക്കുന്നു. അഞ്ചേരി ക്രിസ്റ്റഫർ നഗർ പരിസരത്ത് വിയ്യൂർ സ്വദേശി അജിത് സ്വയം കൃഷി ചെയ്തുണ്ടാക്കിയ പയർ, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളൊക്കെ സൗജന്യമായി വിളവെടുത്തോളൂ. രണ്ട് നിബന്ധനകൾ മാത്രം: വീട്ടിലേക്ക് ആവശ്യമുള്ളതു മാത്രം പറിക്കുക, കുട്ടികളെ കൂട്ടിവന്ന് അവരെക്കൊണ്ടു വിളവെടുക്കുക.

രണ്ടുദിവസത്തെ യാത്രകഴിഞ്ഞ് വ്യാഴാഴ്ച എത്തും. അന്നുമുതൽ കുട്ടികളെയും കാത്ത് അജിത് തോട്ടത്തിലുണ്ടാകും. അഞ്ചേരി തോട്ടപ്പടി സ്റ്റോപ്പിൽ മുത്തപ്പൻകാവ് അമ്പലത്തിനു പിന്നിൽ ആന്റോ പോൾ കാട്ടൂക്കാരന്റേതാണു സ്ഥലം. തോട്ടപ്പടി സ്റ്റോപ്പിൽ നിന്നു ക്രിസ്റ്റഫർ നഗർ റോ‍ഡിൽ 500 മീറ്റർ സഞ്ചരിച്ചാൽ അജിതിന്റെ തോട്ടത്തിലെത്താം. അച്ഛൻ പരമേശ്വരനിൽ നിന്നു കൃഷി പഠിച്ച അജിത് കാടുപിടിച്ചു കിടന്ന മൂന്നേക്കർ പാടം കഴിഞ്ഞ ജനുവരി ഒന്നിനാണ് ഏറ്റെടുത്തു കൃഷി തുടങ്ങിയത്.

30 ദിവസം കൊണ്ടു തനിയെ കാടുവെട്ടിത്തെളിച്ചെടുത്തു. ട്രാക്ടർ ഇറക്കി മണ്ണ് ഉഴുതുമറിച്ച് കൃഷിയിറക്കി. ദിവസവും രാവിലെ ഏഴരമുതൽ രാത്രി എട്ടുമണിവരെ വീട്ടിൽ നിന്ന് എട്ടുകിലോമീറ്ററോളം ദൂരെയുള്ള ഈ കൃഷി ഭൂമിയിൽ അജിത് ഉണ്ടാവും. മരുന്ന് അടിക്കാതെ ജൈവകൃഷിയാണ് അജിത് നടത്തുന്നത്. അതിനാൽ പകുതിയോളം കീടബാധകൊണ്ടും മറ്റും നശിച്ചു. തെരുവുനായ്ക്കൾ ഇടയ്ക്ക് തോട്ടം ‘ഉഴുതുമറിച്ച്’ നശിപ്പിക്കുന്നുമുണ്ട്. എന്നിട്ടും അത്യാവശ്യം വിളവ് അജിത്തിനു കിട്ടി. തോട്ടം നനയ്ക്കാൻ ഹോസ് കിട്ടാനായി അജിത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

വീടുകളിൽ വെറുതെ ചുരുട്ടിക്കൂട്ടി ഇട്ടിരിക്കുന്ന ഹോസ് ഉണ്ടെങ്കിൽ തരൂ എന്നതായിരുന്നു പോസ്റ്റ്. ധാരാളം പേർ ഹോസ് സൗജന്യമായി നൽകി. ഇവർക്കൊക്കെ വിളവിൽ നിന്നൊരു വിഹിതം നൽകി. ആ സന്തോഷത്തിൽ നിന്നാണ് ഇപ്പോൾ കുട്ടികൾക്കു പച്ചക്കറി പറിച്ചെടുക്കാൻ അവസരം നൽകുന്നതെന്ന് അജിത് പറഞ്ഞു. കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നയാളാണ് അജിത്. ഒരു പതിറ്റാണ്ടു മുൻപ് ആലപ്പുഴ സ്വദേശി ഷാരോൺ എന്ന കുട്ടിക്ക് സ്വന്തം വൃക്ക സൗജന്യമായി നൽകിയ ആളാണ് അജിത് നാരങ്ങളിൽ. 9387601619.

LEAVE A REPLY

Please enter your comment!
Please enter your name here