ഗുവാഹത്തി• സൂര്യകുമാർ യാദവിന്റെയും കെ.എൽ.രാഹുലിന്റെയും അർധസെഞ്ചറിയുടെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20ൽ ഇന്ത്യയ്ക്ക് 16 റൺസിന്റെ ഉജ്ജ്വല വിജയം. 47 പന്തിൽ പുറത്താകാതെ 106 റൺസെടുത്ത ഡേവിഡ് മില്ലറുടെ തകർപ്പൻ പ്രകടനത്തിനും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനായില്ല. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2–0ത്തിന് സ്വന്തമാക്കി.
238 റൺസിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷാണിഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. ക്യാപ്റ്റൻ ടെംബ ബാവുമ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പിന്നാലെയെത്തിയ റിലി റൂസോയും പൂജ്യനായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പതനം ഏതാണ്ട് ഉറപ്പായിരുന്നു.
എന്നാൽ ക്വിന്റൻ ഡീകോക്കു(48 പന്തിൽ 69*)മായി ചേർന്ന് ഐഡൻ മാർക്രം(19 പന്തിൽ 33 റൺസ്) ദക്ഷിണാഫ്രിക്കയെ പതിയെ കൈപിടിച്ചുയർത്തി. ഐഡൻ മാർക്രം പോയതിനു പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലർ ഡീകോക്കുമായി ചേർന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും നിശ്ചിത ഓവറിൽ 221 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് രണ്ടു വിക്കറ്റും അക്‌ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.