ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്നനേതാവ് ദിഗ്വിജയ് സിങ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രികൂടിയായ സിങ് ഇന്ന് നാമനിർദേശ പത്രിക വാങ്ങി. അധ്യക്ഷസ്ഥാനത്തേക്ക് നാളെ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അങ്ങനെയെങ്കിൽ മത്സരം ശശി തരൂരും ദിഗ്വിജയ് സിങ്ങും തമ്മിലായേക്കും. എന്നാൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോത് മത്സരരംഗത്തുനിന്ന് പിന്മാറിയോ എന്നത് ഇപ്പോഴും വ്യക്തമല്ല.
ഒക്ടോബർ 17-ന് നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം വെള്ളിയാഴ്ചയാണ്. കേരളത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിലായിരുന്ന ദിഗ്വിജയ് സിങ് ബുധനാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയിരുന്നു. അദ്ദേഹം പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്.