ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസിനോട് സിപിഐ വിശദീകരണം തേടി. ഉദ്യോഗസ്ഥർ പ്രകോപിപ്പിച്ചെന്നാണ് പ്രവീണിന്റെ പ്രതികരണം. കിടങ്ങ് നിര്‍മാണത്തിലെ തട്ടിപ്പാണ് ചൂണ്ടിക്കാണിച്ചതെന്നും ഇയാൾ പറഞ്ഞു. പ്രവീൺ ജോസിനെതിരെ ഇന്നലെ മൂന്നാർ പോലീസ് കേസെടുത്തിരുന്നു.
മാങ്കുളത്തെ വനം വകുപ്പ് ക്യാമ്പ് ഹൗസിനു സമീപം ട്രഞ്ച് നിർമിക്കുന്ന സ്ഥലത്ത് പരിശോധനയ്ക്കെത്തിയ വനം റവന്യു ഉദ്യോഗസ്ഥർക്കു നേരെയാണ് സി.പി.ഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസ് ഭീഷണി മുഴക്കിയത്. ദേവികുളം തഹിസീൽദാർക്കൊപ്പം പരിശോധനയ്ക്കെത്തിയ ഡി എഫ്.ഒ. പി.ജെ സുഹൈബ് റേഞ്ച് ഓഫീസർ ഉദയ സൂര്യൻ എന്നിവരെയാണ് സി.പി.ഐ നേതാവ് ഭീഷിണിപ്പെടുത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ മാങ്കുളം ടൗണില്‍ കെട്ടിയിട്ടു തല്ലുമെന്നായിരുന്നു ഭീഷണി. ട്രഞ്ച് നിര്‍മാണത്തില്‍ തട്ടിപ്പുണ്ടെന്നാരോപിച്ചാണ് സിപിഐ രംഗത്തെത്തിയത്.