മലപ്പുറം: മഞ്ചേരിയിൽ ഒന്നാം സമ്മാനം കിട്ടിയ കേരള ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസിൽ എട്ടുപേർ അറസ്റ്റിൽ. അലനല്ലൂർ തിരുവിഴാംകുന്ന് മൂജിപ്, പുൽപറ്റ കുന്നിക്കൽ പ്രഭാകരൻ, ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലുരിക്കൽ അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ, കൊങ്ങശ്ശേരി വീട്ടിൽ അജിത് കുമാർ , കലസിയിൽ വീട്ടിൽ പ്രിൻസ് , ചോലക്കുന്ന് വീട്ടിൽ ശ്രീക്കുട്ടൻ , പാലക്കാട് കരിമ്പുഴ സ്വദേശി മുബഷിർ എന്നിവരാണ് അറസ്റ്റിലായത്.
മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയാണ് പരാതിക്കാരൻ. ബാങ്ക് ജീവനക്കാരെന്ന വ്യാജനേയാണ് സംഘം തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ഓഗസ്റ്റ് 19ന് ഫലം വന്ന കേരള നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ആൽവിക്ക് അടിച്ചിരുന്നു. തുടർന്നാണ് തട്ടിപ്പ് സംഘം ആൽവിയെ തേടിയെത്തിയത്.
സ്വകാര്യ ബാങ്ക് ജീവനക്കാരെന്ന വ്യാജേനെ കൂടുതൽ പണം നൽകാമെന്ന് പറഞ്ഞാണ് ഇവർ ആൽവിനെ സമീപിച്ചത്. തുടർന്ന് ടിക്കറ്റുമായി ഈ സംഘം കച്ചേരിപ്പടിയിലെത്താൻ ആവശ്യപ്പെട്ടു.അലവിയുടെ മകനും സുഹൃത്തുമാണ് കച്ചേരിപ്പിടിയിലേക്ക് പോയത്. രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികൾ
അൽവിയുടെ മകനേയും സുഹൃത്തിനേയും കാറിലേക്ക് കയറ്റിയ ശേഷം മർദിക്കുകയായിരുന്നു. ടിക്കറ്റ് സ്കാൻ ചെയ്യാനാണെന്ന വ്യാജേനെ ഇരുവരേയും കറിലേക്ക് കയറ്റിയതിന് ശേഷമായിരുന്നു മർദനം. പിന്നാലെ സമ്മാനർഹമായ ടിക്കറ്റുമായി സംഘം കടന്ന് കളഞ്ഞു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു ആദ്യ ഘട്ട അന്വേഷണം. തുടർന്ന് സംഘത്തെ കുറിച്ച് വിവരം ലഭിച്ചതോടെ പ്രതികൾ പിടിയിലായി.