ലക്‌നൗ: ഉത്തർപ്രദേശിൽ മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട യുവാവിന് 5 വർഷം തടവും 40,000 രൂപ പിഴയും. സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യ കേസിലാണ് പ്രത്യേക പോക്‌സോ കോടതിയുടെ വിധി. അംരോഹ ജില്ലയിലെ മുഹമ്മദ് അഫ്‌സലാണ് ശിക്ഷിക്കപ്പെട്ടത്.
മുസ്ലീം വിഭാഗത്തിൽപ്പെട്ട അഫ്‌സൽ തന്റെ മതം മറച്ച് വെച്ചുകൊണ്ട് ഹിന്ദുപെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് വിധി. ഡ്രൈവറായി ജോലി ചെയ്തിരുന്ന അഫ്സൽ താൻ ഹിന്ദുവാണെന്ന് പറഞ്ഞ് ഹസൻപൂർ സ്വദേശിയായ പെൺകുട്ടിയെ പരിചയപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.
2020 ഡിസംബറിൽ സംസ്ഥാനത്ത് നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. രാജ്യത്ത് മതപരിവർത്തന നിരോധന നിയമം നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ബലപ്രയോഗം, വഞ്ചന, അനാവശ്യ സ്വാധീനം, ബലാൽക്കാരം, പ്രണയം അല്ലെങ്കിൽ വിവാഹം’ എന്നിവയിലൂടെ ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യുന്നത് ഈ നിയമം വിലക്കുന്നു.