ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് സ്വർണവില ആറുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.16 ശതമാനം കുറഞ്ഞ് 49,231 രൂപയായി. വെള്ളിയുടെ വില 0.4 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 56,194 രൂപയിലെത്തി. ദേശീയതലത്തില്‍ ഒരാഴ്ചക്കിടെ മാത്രം സ്വർണവില പവന് കുറഞ്ഞത് 1500 രൂപയാണ്.
സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4580 രൂപയും പവന് 36,640 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് സ്വർണവില. ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയിൽ തുടർന്ന സ്വർണവില സെപ്റ്റംബർ 14നാണ് കുറഞ്ഞുതുടങ്ങിയത്. ഇന്നലെ പവന് 36,960 ആയിരുന്നു.