കണ്ണൂര്‍: സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി കേരളല ക്രിക്കറ്റ് അസോസിയേഷനിലേക്ക്. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരിയുടെ പാനല്‍ വിജയം നേടി. 50 ക്ലബ്ബുകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ബിനീഷ് കോടിയേരിയുടെ പാനല്‍ കരസ്ഥമാക്കിയത്.
ബിനീഷ് കോടിയേരി പാനലില്‍ നിന്ന് മത്സരിച്ച 17 പേരും മികച്ച ഭൂരിപക്ഷത്തില്‍ വിജയം നേടുകയായിരുന്നു. കെ സി എ (കേരള ക്രിക്കറ്റ് അസോസിയേഷന്‍) പ്രതിനിധിയായി ബിനീഷ് കോടിയേരിയെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റ് എസിഎം ഫിജാസ് അഹമ്മദ്, സെക്രട്ടറി വിപി അനസ്, ഖജാന്‍ജി കെ നവാസ് എന്നിവര്‍ക്ക് യഥാക്രം 35, 33, 34 വോട്ടുകള്‍ വീതം ലഭിച്ചു.
ബിനീഷ് കോടിയേരിയുടെ സാന്നിധ്യവും ഇടപെടലുകളും കേരളം ആതിഥേയത്വം വഹിച്ച രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് വലിയ രീതിയില്‍ സഹായകമായതായി വിലയിരുത്തലുണ്ടായിരുന്നു. അടുത്ത മാസം അവസാനം ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് തിരുവനന്തപുരം ആതിഥേയത്വം വഹിക്കാനൊരുങ്ങവെയാണ് ബിനീഷ് കോടിയേരി വീണ്ടും കെ സി യിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമായി.