ദില്ലി: റിലയൻസിന്റെ റീട്ടെയിൽ ബിസിനസിന്റെ തലപ്പത്തേക്ക് മകൾ ഇഷയെ അവതരിപ്പിച്ച് വ്യവസായി മുകേഷ് അംബാനി. തിങ്കളാഴ്ച നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. റിലയൻസിന്റെ ടെലികോം യൂണിറ്റായ ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി ആകാശ് അംബാനി നിയമിതനായതിന് തൊട്ടുപിന്നാലെയാണ് ഇരട്ട സഹോദരിയായ ഇഷയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. ഇതോടെ നേതൃത്വ കൈമാറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് മുകേഷ് അംബാനി കടന്നതായാണ് ബിസിനസ് ലോകം വിലയിരുത്തുന്നത്.