ഹരിപ്പാട് ദേശീയപാതയ്ക്ക് നടുവിലെ ഒറ്റപ്പന ചരിത്രമായി, പതിറ്റാണ്ടുകളായ പന മുറിച്ചുമാറ്റി

0
60

ആലപ്പുഴ : ഹരിപ്പാട് ദേശീയപാതയ്ക്ക് നടുവില്‍ പതിറ്റാണ്ടുകളായി നിലനിന്ന ഒറ്റപ്പന മുറിച്ച് മാറ്റി. തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഉല്‍സവം കഴിയുന്നത് വരെ പന മുറിച്ച് മാറ്റരുതെന്ന വിശ്വാസികളുടെ അഭ്യര്‍ഥന പ്രകാരം അധികൃതര്‍ നീട്ടിവെക്കുകയായിരുന്നു. ഭഗവതിയുടെ ഉറ്റ തോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലാണെന്ന ഐതിഹ്യം കണക്കിലെടുത്ത് പരിഹാരക്രിയകള്‍ നടത്തിയ ശേഷം മാത്രം മുറിച്ചാല്‍ മതിയെന്നായിരുന്നു വിശ്വാസികളുടെ അഭ്യര്‍ഥന.

ദേശീയ പാതയിലൂടെ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ മനസിൽ എന്നും തങ്ങിനില്‍ക്കുന്ന ഒന്നായിരുന്നു കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്നിരുന്ന പന. ദേശീയപാതവികസനത്തിനായി സമീപത്തെ മുഴുവൻ മരങ്ങളും കെട്ടിടങ്ങളും മാറ്റിയപ്പോള്‍ വിശ്വാസികളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് ഈ പന മാത്രം അധികൃതര്‍ മാറ്റിനിര്‍ത്തി. ഭഗവതിയുടെ ഉറ്റതോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലെന്നാണ് ഐതിഹ്യം.

പൂരം ഉല്‍സവത്തിന് പള്ളിവേട്ട തുടങ്ങുന്നത് ഈ പനയുടെ ചുവട്ടില്‍ നിന്നാണ്. അതുകൊണ്ട് ഉല്‍സവം കഴിയുന്നത് വരെ മരം മുറിക്കരുതെന്നായിരുന്നു ആവശ്യം. മാത്രമല്ല, ഭഗവതിയുടെയും യക്ഷിയുടെയും അനുമതി വാങ്ങണം. ഒടുവിൽ ഉല്‍സവം സമാപിച്ച്, തന്ത്രിയുടെ മേല്‍നോട്ടത്തില്‍ പരിഹാരക്രിയകൾ കൂടി നടത്തിയ ശേഷമാണ് ഇപ്പോള്‍ മരം മുറിച്ചത്. തലമുറകള്‍ കൈമാറിവന്ന, നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയ ഈ പന, ചരിത്രത്തിലേക്ക് മറയുന്നത് കാണാന്‍, പന മുറിക്കുന്നത് കാണാന്‍ രാവിലെ മുതല്‍ തന്നെ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here