താനൂര്‍ ബോട്ട് ദുരന്തം; മരണപ്പെട്ടവരുടെ എണ്ണം 22 ആയി

0
75

മലപ്പുറം താനൂരില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22ആയി. ആറ് കുഞ്ഞുങ്ങള്‍ക്കും മൂന്ന് സ്ത്രീകള്‍ക്കും അടക്കമാണ് ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തില്‍ ജീവന്‍ നഷ്ടമായത്. ബോട്ടില്‍ മുപ്പതോളം പേരുണ്ടായിരുന്നതായാണ് വിവരം. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ പരപ്പനങ്ങാടി, താനൂര്‍ നഗരസഭകളുടെ അതിര്‍ത്തിയായ ഒട്ടുംപുറം തൂവല്‍തീരത്താണ് അപകടമുണ്ടായത്. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങുകയായിരുന്നു.

അപകത്തില്‍ മരിച്ചവരില്‍ താനൂര്‍ ഓല പീടിക കാട്ടില്‍ പിടിയേക്കല്‍ സിദ്ദീഖ് (41), മക്കളായ ഫാത്തിമ മിന്‍ഹ (12), ഫൈസാന്‍ (3), പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ എന്ന കുഞ്ഞിമ്മു (40), പരപ്പനങ്ങാടി സൈതലവിയുടെ മക്കളായ സഫ്ല (7), ഹുസ്‌ന (18), ഷംന (17), പരപ്പനങ്ങാടി കുന്നുമ്മല്‍ റസീന, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന്‍ അഫലഹ് (7), പെരിന്തല്‍മണ്ണ സ്വദേശി അന്‍ഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങല്‍ നിഹാസിന്റെമകള്‍ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മല്‍ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മല്‍ വീട്ടില്‍ സിറാജിന്റെ മകള്‍ നൈറ, താനൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീന്‍ (37),ചെട്ടിപ്പടി വെട്ടിക്കുടി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിഷാബി, മകള്‍ അദില ഷെറി,കുന്നുമ്മല്‍ ആവായില്‍ ബീച്ചില്‍ റസീന, അര്‍ഷാന്‍ എന്നിവരെ തിരിച്ചറിഞ്ഞു.

ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദേശം നൽകിയതായി  മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.രക്ഷാപ്രവർത്തനവും തുടരുകയാണ്.

താനൂര്‍ ബോട്ടപകടത്തില്‍ ഉടമയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. മലപ്പുറം താനൂര്‍ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. അതേസമയം അപകടത്തിന് പിന്നാലെ ഇയാള്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. നരഹത്യ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

യാത്രാ മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പോലീസ് സ്ഥിരീകരിച്ചു. അറ്റ്‌ലാന്റിക് ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തില്‍ അടക്കം പോലീസ് പരിശോധന ഉണ്ടാകും. ബോട്ടിന് തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ഉണ്ടെന്നാണ്  പോലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസന്‍സ് നമ്പറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതേസമയം താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണം 22 ആയി ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here