വാട്‌സ് ആപ്പിൽ വന്ന മേസേജിലൂടെ 21 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് റിട്ടയേർഡ് അദ്ധ്യാപികയുടെ പരാതി. ആന്ധാപ്രദേശിലെ അന്നമയ്യ സ്വദേശിയായ വരലക്ഷ്മിയുടെ പണമാണ് നഷ്ടമായത്. ഒരു അജ്ഞാത നമ്പറിൽ നിന്നാണ് വരലക്ഷ്മിക്ക് മെസേജ് വന്നത്.
മെസേജിൽ ഒരു ലിങ്ക് കൊടുത്തിരുന്നു. ലിങ്കിൽ ടച്ച് ചെയ്തെങ്കിലും അത് തുറന്നുവരാത്തതിനാൽ വരലക്ഷ്മി ഇതത്ര ഗൗരവമായെടുത്തില്ല. ഇതിന് തൊട്ടുപിന്നാലെയാണ് ഇവരുടെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടത്. പല തവണകളായി 21 ലക്ഷം രൂപയാണ് അദ്ധ്യാപികയിൽ നിന്ന് കവർന്നത്. പ്രതിയെപ്പറ്റി യാതൊരു തുമ്പും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
അക്കൗണ്ടിലുണ്ടായിരുന്ന പണം പോയോ എന്ന സംശയത്തെ തുടർന്ന് വരലക്ഷ്മി ബാങ്കുമായി ബന്ധപ്പെട്ടു. അപ്പോഴാണ് 21 ലക്ഷം രൂപ നഷ്ടമായ വിവരം ബാങ്ക് അധികൃതർ അറിയിക്കുന്നത്. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് റിട്ടയേർഡ് അദ്ധ്യാപികയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമായത്. അതേസമയം രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന നിർദേശവുമായി കേരള പോലീസും രംഗത്തെത്തി.
ഓൺലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളുടെ പേരിൽ തട്ടിപ്പിനിരയാകാതെ നോക്കണമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ജോലി ഓഫറുമായി ബന്ധപ്പെട്ട് രജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം ആവശ്യപ്പെടുക മാത്രമല്ല, എടിഎം നമ്പർ, പിൻ, ഒടിപി തുടങ്ങിയവ ചോദിക്കുമ്പോൾ തന്നെ തട്ടിപ്പാണെന്ന് മനസ്സിലാക്കണം. വ്യാജ പാർട്ട് ടൈം ജോലി ഓഫർ തട്ടിപ്പിൽപെടുന്നവർക്ക് സമയനഷ്ടവും ധനനഷ്ടവുമാകും ഫലം. കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പങ്കുവച്ചിരിക്കുന്നത്. ഓൺലൈനിലൂടെയുള്ള ജോലി വാഗ്ദാനങ്ങൾ വർധിച്ചു വരുകയാണ്. ഇതിനെല്ലാം ഇടയിൽ നിരവധി വ്യാജന്മാർ പ്രവർത്തിക്കുന്നുണ്ട്. ചില ഓൺലൈൻ ജോലി വാഗ്ദാനങ്ങൾ ശുദ്ധ തട്ടിപ്പാണ്. ഓൺലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളെ എങ്ങനെ തിരിച്ചറിയാമെന്ന് ജനങ്ങളോട് വ്യക്തമാക്കുകയാണ് കേരള പോലീസ്.