എഎപി – ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് കേജ്‌രിവാൾ

0
102

കൊച്ചി• അഭ്യൂഹങ്ങൾ ശരിവച്ച് കേരളത്തിൽ ആം ആദ്മി പാർട്ടി (എഎപി) – ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‍രിവാൾ. ‘ജനക്ഷേമ സഖ്യം’ എന്ന പേരിലായിരിക്കും മുന്നണി അറിയപ്പെടുക. ഭാവിയിൽ കേരളത്തിലും സർക്കാരുണ്ടാക്കാൻ മുന്നണിക്കു സാധിക്കുമെന്ന് കേജ്‍രിവാൾ പറഞ്ഞു. ഡൽഹിയിൽ എന്തു കാര്യം നടക്കാനും കൈക്കൂലി നൽകണമായിരുന്നു. എന്നാൽ എഎപി അധികാരത്തിൽ വന്നതോടെ ഡൽഹിയിൽ കൈക്കൂലി ഇല്ലാതാക്കിയെന്നും കേജ്‌രിവാൾ പറഞ്ഞു. കിഴക്കമ്പലത്തു നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബിന്റെ പ്രവർത്തനങ്ങൾ മതിപ്പുളവാക്കുന്നതാണെന്നും കേജ്‌രിവാൾ അഭിപ്രായപ്പെട്ടു. ജനക്ഷേമവും രാജ്യവികസനവുമാണ് എഎപി – ട്വന്റി20 സഖ്യത്തിന്റെ ലക്ഷ്യമെന്ന് സമ്മേളനത്തിൽ സംസാരിച്ച സാബു ജേക്കബ് വ്യക്തമാക്കി.

‘‘പത്തു വർഷം മുൻപ് ആം ആദ്മി പാർട്ടിയേയോ അരവിന്ദ് കേജ്‌രിവാളിനെയോ ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഞങ്ങൾ പാർട്ടിയുണ്ടാക്കി ഒരു വർഷത്തിനുള്ളിൽ ഡൽഹിയിൽ സർക്കാരുണ്ടാക്കി. ഒന്നല്ല മൂന്നു വട്ടം. പിന്നീട് പഞ്ചാബിലും സർക്കാരുണ്ടാക്കി. ഇനി കേരളത്തിലും സർക്കാരുണ്ടാക്കാൻ ആം ആദ്മി പാർട്ടിക്കു സാധിക്കും’ – കേജ്‌രിവാൾ പറഞ്ഞു.

‘‘ഞങ്ങൾ സത്യത്തിന്റെ വഴിയിലാണ് സഞ്ചരിക്കുന്നത്. അതിനാൽ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. ഇതൊന്നും മാജിക്കല്ല. ഞാൻ അണ്ണാ ഹസാരെയ്ക്കൊപ്പം 15 ദിവസം നിരാഹാരം കിടന്നിട്ടുണ്ട്. പ്രമേഹ രോഗിയായ ഞാൻ ദിവസവും ശരീരത്തിൽ ഇൻസുലിൻ കുത്തിവച്ചിരുന്നു. നിങ്ങൾ ഇത്ര ദിവസം നിരാഹാര സത്യാഗ്രഹം നടത്തിയാൽ മരിച്ചു പോകുമെന്ന് ഡോക്ടർമാർ വരെ പറഞ്ഞു. പക്ഷേ ദൈവത്തിന്റെ അനുഗ്രഹത്താൽ ഒന്നും സംഭവിച്ചില്ല’ – കേജ്‌രിവാൾ പറഞ്ഞു.

‘‘നമ്മുടെ രാജ്യത്തിന്റെ ഭരണം വളരെ മോശം സ്ഥിതിയിലാണ്. എല്ലായിടത്തും അഴിമതിയാണ്. ഗുണ്ടാരാജും വ്യാപകമാണ്. ഞങ്ങൾ അഴിമതിയ്ക്കായി വന്നതല്ല. ഞങ്ങൾ ഭരണത്തിലേറി ആദ്യം ഡൽഹിയിലെ അഴിമതി ഇല്ലാക്കി. ഡൽഹിയിൽ സർക്കാർ സേവനത്തിനെല്ലാം കൈക്കൂലി നൽകണമായിരുന്നു. ഇപ്പോൾ ഡൽഹിയിൽ ഒരു സേവനത്തിനും കൈക്കൂലി നൽകേണ്ട. സർക്കാർ ജനങ്ങളുടെ വീട്ടിലെത്തി സേവനങ്ങൾ ലഭ്യമാക്കും’ – കേജ്‌രിവാൾ പറഞ്ഞു.

‘‘ഡൽഹിയിൽ സർക്കാർ വൈദ്യുതി സൗജന്യമാക്കി. കേരളത്തിൽ വൈദ്യുതി സൗജന്യമാണോ? ഡൽഹിയിൽ വൈദ്യുതി സൗജന്യമാക്കാമെങ്കിൽ കേരളത്തിലും സാധിക്കും. പക്ഷേ നിശ്ചയദാർഢ്യമുള്ള ഒരു സർക്കാർ വേണം’ – കേജ്‌രിവാൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here