മണിപ്പൂരിൽ ഗോത്രവർഗക്കാരും മെയ്തേയ് സമുദായവും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഉന്നതലയോഗം വിളിച്ചു ചേർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിലെയും കേന്ദ്ര സർക്കാരിലെയും ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിലൂടെ അമിത് ഷാ കൂടിക്കാഴ്ച നടത്തി. അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സംസാരിച്ചതായി വൃത്തങ്ങൾ പറഞ്ഞു.
മണിപ്പൂരിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഷാ, മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായി ടെലിഫോണിൽ സംഭാഷണം നടത്തി. സംസ്ഥാനത്ത് നിലവിലുള്ള സംഭവങ്ങളെക്കുറിച്ചും സാധാരണ നില പുനഃസ്ഥാപിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദീകരിച്ചു. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രി രണ്ട് വീഡിയോ കോൺഫറൻസ് മീറ്റിംഗുകൾ നടത്തിയിരുന്നു, ഇതിൽ മണിപ്പൂർ മുഖ്യമന്ത്രി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സർക്കാരിന്റെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തതായി വൃത്തങ്ങൾ അറിയിച്ചു.
മണിപ്പൂരിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിമാരായ നെഫിയു റിയോ (നാഗാലാൻഡ്), സോറംതംഗ (മിസോറാം), ഹിമന്ത ബിശ്വ ശർമ (അസം) എന്നിവരുമായും ടെലിഫോണിൽ സംഭാഷണം നടത്തിയതായും വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെത്തുടർന്ന്, ബുധനാഴ്ച മണിപ്പൂരിൽ സിആർപിഎഫും ബിഎസ്എഫും ഉൾപ്പെടുന്ന 12 കമ്പനി അർദ്ധസൈനിക സേനയെ വിന്യസിസിച്ചിരുന്നു. സ്ഥിഗതികൾ നിരീക്ഷിച്ച ശേഷം 14 കമ്പനി അർദ്ധസൈനികരെ കൂടി അധികമായി വിന്യസിച്ചു. അർദ്ധസൈനിക വിഭാഗത്തിന്റെ എട്ട് മുതൽ 10 വരെ കമ്പനികളെ കൂടി വെള്ളിയാഴ്ച വിന്യസിച്ചേക്കുമെന്നാണ് വിവരം.
അസം റൈഫിൾസിന്റെ സൈനികരെയും ബുധനാഴ്ച മുതൽ മണിപ്പൂരിലെ അക്രമബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മണിപ്പൂർ സർക്കാർ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുൻ സിആർപിഎഫ് മേധാവിയുമായ കുൽദീപ് സിംഗിനെ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചതായി വൃത്തങ്ങൾ അറിയിച്ചു. സിംഗ് ഇംഫാലിൽ എത്തിയതായി അവർ പറഞ്ഞു.