ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ തോമസ് കപ്പ് വിജയം 1983-ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് നേട്ടത്തേക്കാൾ വലുതാണെന്ന് ഇന്ത്യൻ ബാഡ്മിന്റൺ പരിശീലകനും മുൻ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് ജേതാവുമായ പുല്ലേല ഗോപിചന്ദ്.
73 വർഷത്തെ ചരിത്രമുള്ള ടീം ടൂർണമെന്റിൽ ഇതാദ്യമായാണ് ഇന്ത്യ ജേതാക്കളാകുന്നത്. ഞായറാഴ്ച ബാങ്കോക്കിലെ ഇംപാക്റ്റ് അരീനയിൽ 14 തവണ ജേതാക്കളായ ചരിത്രമുള്ള ഇൻഡൊനീഷ്യയെ 3-0ന് തകർത്തായിരുന്നു ഇന്ത്യയുടെ സ്വർണ നേട്ടം.
”ബാഡ്മിന്റണിൽ ഈ വിജയം 1983-ലെ ലോകകപ്പ് ജയത്തേക്കാൾ വലുതാണെന്ന് ഞാൻ പറയും. ഇത്ര വലിയ ഒരു നേട്ടം നമ്മൾ സ്വന്തമാക്കുമെന്ന് ആരും തന്നെ കരുതിയിരിക്കില്ല. ഞാൻ വളരെ സന്തോഷവാനാണ്, അത് ഇന്ത്യൻ ബാഡ്മിന്റണിന്റെ കാര്യത്തിൽ മാത്രമല്ല, മറിച്ച് ഇന്ത്യൻ കായികരംഗത്തിന്റെ കാര്യത്തിൽകൂടിയാണ്. ക്രിക്കറ്റിനെ മാറ്റി നിർത്തിയാൽ, ഈ രാജ്യത്തെ മറ്റൊരു കായിക ഇനത്തിനും ഇത്തരത്തിലുള്ള ഒരു ടീമിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല.” – ഗോപിചന്ദ് പറഞ്ഞു.
അതേസമയം തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി കിരീടം നേടിയ ഇന്ത്യൻ ടീമിന് കേന്ദ്ര കായിക മന്ത്രാലയം ഒരു കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.