മൃതദേഹത്തോട് ചെയ്യുന്ന ഈ കാര്യങ്ങള്‍ കേട്ടാല്‍ അത്ഭുതപ്പെടും

0
42

ആര്‍ക്കും ഒഴിവാക്കാന്‍ കഴിയാത്ത ഒരു വസ്തുതയാണ് മരണം. പല മതങ്ങളും മരണശേഷമുള്ള ജീവിതത്തില്‍ വിശ്വസിക്കുന്നു. അതിനാല്‍ അവര്‍ മരണശേഷം ഒരു വ്യക്തിക്ക് മോക്ഷം കിട്ടാനായി വേണ്ട കര്‍മ്മങ്ങളും കാര്യങ്ങളും ചെയ്യുന്നു. ആചാരപ്രകാരം മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നു. ചില രീതികള്‍ നമുക്ക് പരിചിതമാണെങ്കിലും ലോകത്ത് നമുക്കറിയാത്തതും ആശ്ചര്യം ഉളവാക്കുന്നതുമായ ചില രീതികളുണ്ട്. പല ഇടങ്ങളിലും പല തരത്തിലാണ് ഒരു മൃതദേഹത്തോട് പെരുമാറുന്നത്. ഇതാ, അത്തരം ചില കാര്യങ്ങള്‍ വായിച്ചറിയൂ..

കഴുകന് : ഭക്ഷണമാക്കുന്നു ടിബറ്റിലെ ഒരു ആചാരം അല്‍പം വിചിത്രമാണ്. മരിച്ചതിനു ശേഷം നിങ്ങള്‍ക്ക് പറന്നുനടക്കാമെന്ന് അവര്‍ കരുതുന്നു. മൃതദേഹങ്ങള്‍ കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യാന്‍ ശ്രമിക്കുന്നതിനുപകരം, ടിബറ്റിലെ ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു പര്‍വതശിഖരത്തിലേക്ക് കൊണ്ടിടുന്നു. ഇത് കഴുകന്മാര്‍ക്ക് ഭക്ഷണമായി നല്‍കുന്നു. അങ്ങനെ ദേഹം പൂര്‍ണമായും ഭൂമിയില്‍ നിന്ന് പുറത്തേക്ക് പോകുന്നുവെന്ന്് അവര്‍ ഉറപ്പാക്കുന്നു.

മരത്തിനു മുകളില്‍ സംസ്‌കാരം : ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആദിവാസി ഗോത്രവര്‍ഗ്ഗക്കാര്‍ മരിച്ചവരെ സംസ്‌കരിക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയായി മരങ്ങളെ കണ്ടിരുന്നു. മണ്ണിനടിയില്‍ അടക്കം ചെയ്യുന്നതിനുപകരം അവര്‍ മരങ്ങള്‍ക്ക് മുകളില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചു. ഓസ്‌ട്രേലിയ, ബ്രിട്ടീഷ് കൊളംബിയ, തെക്കുപടിഞ്ഞാറന്‍ അമേരിക്ക, സൈബീരിയ എന്നിവിടങ്ങളിലെ വിഭാഗക്കാര്‍ മൃതദേഹങ്ങള്‍ തുണിയിലും മറ്റും പൊതിഞ്ഞ് വൃക്ഷങ്ങള്‍ക്ക് മുകളില്‍ അടക്കിയിരുന്നു.

കടലില്‍ ഒഴുക്കുന്നു : മധ്യകാലത്ത് വൈക്കിംഗുകള്‍ അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും കടലില്‍ ആണ് കഴിച്ചുകൂട്ടിയിരുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍, കടലില്‍ ജീവിക്കുകയും കടലില്‍ മരിക്കുകയും ചെയ്തവര്‍. മരണാനന്തരം, സമ്പന്നനായ വൈക്കിംഗുകള്‍ അവരുടെ പ്രിയപ്പെട്ടവരുടെ മുതദേഹം ഒരു ചെറുവഞ്ചിയില്‍ കിടത്തി അതില്‍ ഭക്ഷണം, ആഭരണങ്ങള്‍, ആയുധങ്ങള്‍ എന്നിവ നിറച്ച് ദ്വീപില്‍ സൂക്ഷിക്കുകയോ കടലില്‍ ഒഴുക്കി വിടുകയോ ചെയ്തിരുന്നു.

മലമുകളില്‍ തള്ളുന്നു : ശവശരീരം അശുദ്ധമാണെന്നും അതിനാല്‍ മരണശേഷം ഭൂമിയെ മലിനപ്പെടുത്തരുതെന്നും വിശ്വസിച്ചിരുന്നവരാണ് സൊരാസ്ട്രിയക്കാര്‍. മണ്ണിനടിയില്‍ അടക്കുന്നതിനു പകരം, മരിച്ചവരെ ഒരു ആചാരപരമായി അവര്‍ മലകള്‍ക്ക് മുകളിലാണ് എത്തിച്ചിരുന്നത്. ഇങ്ങനെ മലമുകളില്‍ തള്ളുന്ന മൃതദേഹം പക്ഷികളും മൃഗങ്ങളും ഭക്ഷണമാക്കുന്നു. അവരുടെ അസ്ഥികള്‍ ഉണങ്ങിക്കഴിയുമ്പോള്‍ അവ ശേഖരിക്കുകയും കുമ്മായം ഇട്ട് ലയിപ്പിക്കുകയും ചെയ്തിരുന്നു.

പ്ലാസ്റ്റിനേഷന്‍ ” മൃതദേഹങ്ങളെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്രക്രിയയാണ് പ്ലാസ്റ്റിനേഷന്‍. ശരീരത്തില്‍ നിന്നുള്ള വെള്ളവും കൊഴുപ്പും പ്ലാസ്റ്റിക്ക്, ഫൈബര്‍ എന്നിവ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു. ഇത് ശരീരം അഴുകാതെ സൂക്ഷിക്കുന്നു. ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ഗുന്തര്‍ വോണ്‍ ഹേഗന്‍സ് വികസിപ്പിച്ചെടുത്തതാണ് പ്ലാസ്റ്റിനേഷന്‍ വിദ്യ. ലോകത്തെ ചില മ്യൂസിയങ്ങളില്‍ ഇത്തരത്തില്‍ പ്ലാസ്റ്റിനേഷന്‍ ചെയ്തു വച്ച മൃതദേഹങ്ങള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്.

ഈജിപ്ഷ്യന്‍ : മമ്മി പുരാതന ഈജിപ്തിലെ മമ്മികള്‍ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും പ്രശസ്തമായ മൃതദേഹങ്ങളാണ്. സവര്‍ണ്ണ വിഭാഗത്തിലെ ആളുകളായിരുന്നു പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മമ്മികളാക്കി സൂക്ഷിച്ചിരുന്നത്. മമ്മിഫിക്കേഷനില്‍ തലച്ചോര്‍ ഉള്‍പ്പെടെയുള്ള എല്ലാ അവയവങ്ങളും നീക്കം ചെയ്യപ്പെടുന്നു. ഇവ മൂക്കിലൂടെ കമ്പിയില്‍ കൊളുത്തിയാണ് പുറത്തെടുത്തിരുന്നത്. മൃതദേഹം പിന്നീട് ഉണങ്ങിയ വസ്തുക്കള്‍ നിറച്ച് തുണി കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കുന്നു. മരണാനന്തര ജീവിതത്തിലേക്കുള്ള യാത്രയില്‍ മമ്മിഫിക്കേഷന്‍ വഴി ആത്മാവിനെ സംരക്ഷിക്കാമെന്ന് ഈജിപ്തുകാര്‍ വിശ്വസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here