ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നാമനിർദ്ദേശ പത്രികാ പരിശോധന ശാസ്ത്രീയമായി പരിഷ്കരിച്ചില്ലെങ്കിൽ പാർലമെന്റിലും നിയമസഭകളിലും വിദേശ പൗരന്മാർ കടന്നു കയറുന്ന ഗുരുതരമായ സ്ഥിതി പല സംസ്ഥാനങ്ങളിലും സംജാതമായിരിക്കുന്നു.
പശ്ചിമ ബംഗാളിൽ 2021 ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പ് തോൽവിയിൽ പരാതിയുമായി കോടതിയെ സമീപിച്ച തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ബംഗ്ലാദേശ് പൗരയാണെന്ന് കോടതി കണ്ടെത്തി. 2021-ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാവോൺ ദക്ഷിൺ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയോട് 2000 വോട്ടിന് പരാജയപ്പെട്ട അലോ റാണി സർക്കാരാണ് തിരഞ്ഞെടുപ്പ് പരാജയം ചോദ്യംചെയ്ത് കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ വാദംകേട്ട ശേഷമാണ് അലോ റാണി സർക്കാർ ബംഗ്ലാദേശ് പൗരയാണെന്നും ഹർജി നിലനിൽക്കില്ലെന്നും കോടതി കണ്ടെത്തിയത്. അവർക്കെതിരെ നടപടിക്കും ജസ്റ്റിസ് ബിബേക് ചൗധരി നിർദ്ദേശിച്ചു.
ഇന്ത്യൻ നിയമങ്ങൾ ഇരട്ടപൗരത്വം അനുവദിക്കാത്ത കാലത്തോളം അലോ റാണി സർക്കാരിന് ഇന്ത്യൻ പൗരയാണെന്ന് സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നിയമ നടപടിയും നേരിടേണ്ടി വരും. അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിന് നടപടിയെടുക്കാനും നാടുകടത്താനും കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുമെന്നും ജസ്റ്റിസ് ബിബേക് ചൗധരി അറിയിച്ചു.
പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് ഇന്ത്യൻ പൗരത്വം ഉണ്ടോ എന്ന് പോലും അറിയാതെ നാമനിർദ്ദേശ പത്രിക യുടെ എന്ത് സൂക്ഷ്മ പരിശോധനയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്. ഇന്ത്യൻ പൗരത്വം പോലും ഇല്ലാത്ത ഒരാളിന് ഒരു പരിശോധന പോലും ഇല്ലാതെ ഇന്ത്യയിലെ നിയമ നിർമാണ സഭകളിൽ അംഗമാകാൻ കഴിയും എന്നത് രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന കാര്യമാണ്. ഇങ്ങനെ എത്ര വിദേശികൾ വോട്ടർ പട്ടികയിൽ അംഗങ്ങളായിട്ടുണ്ടെന്നും എത്ര പേർ വിജയിച്ചു വന്നിട്ടുണ്ടെന്നും വളരെ സൂക്ഷ്മമായ പരിശോധന ആവശ്യമാണ്. വോട്ടർ പട്ടിക തയ്യാറാക്കുന്ന ചുമതല എത്രയും വേഗം കേന്ദ്ര സർക്കാർ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.