ജീവനക്കാര്‍ക്ക് സുരക്ഷാമാനദണ്ഡങ്ങളുമായി കെഎസ്ആര്‍ടിസി

0
86

ബസ് ജീവനക്കാര്‍ക്ക് പുതിയ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി). കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ നിന്ന് വീണ് 14 വയസ്സുകാരി മരണപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

പുതിയ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

  • ഡിപ്പോകളില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ബസിന്റെ ഡോറുകള്‍ നല്ല നിലയിലാണെന്നും പ്രവര്‍ത്തനക്ഷമമാണെന്നും ജീവനക്കാര്‍ ഉറപ്പാക്കണം.
  • പിന്‍വശത്തെ വാതില്‍ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി, കണ്ടക്ടറുടെ അറിയിപ്പിന് ശഷം മാത്രമേ ഡ്രൈവര്‍മാര്‍ ബസ് എടുക്കാവൂ.
  • ബസിന്റെ ഫുട്ബോര്‍ഡില്‍ നിന്നുകൊണ്ട് യാത്രചെയ്യാന്‍ യാത്രക്കാരെ അനുവദിക്കരുത്
  • മുന്‍വശത്തെയും പിന്‍വശത്തെയും ഡോറുകള്‍ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഡ്രൈവര്‍ ബസ് യാത്ര ആരംഭിക്കാവൂ.
  • നിശ്ചിത ബസ് സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തുമ്പോള്‍ മാത്രമേ ഡോറുകള്‍ തുറന്ന് യാത്രക്കാരെ കയറാന്‍ അനുവദിക്കാവൂ അതിനുമുമ്പ് തുറക്കരുത്.

തിങ്കളാഴ്ച്ചയാണ് നടപടിയ്ക്കിടയാക്കിയ സംഭവമുണ്ടായത്. തിങ്കളാഴ്ച്ചത്തെ തിരക്കിനിടയില്‍ 14 കാരിയായ പെണ്‍കുട്ടി ബസില്‍ കയറുകയും വാതിലിനു സമീപം നില്‍ക്കുകയുമായിരുന്നു. എന്നാല്‍ ഹവേരി ജില്ലയിലെ ഹനഗല്‍ താലൂക്കിലെ കുസനൂര്‍ ഗ്രാമത്തിന് സമീപമെത്തിയപ്പോള്‍ കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ബസില്‍ നിന്ന് താഴേക്ക് വീഴുകയും ചെയ്തു. തലയ്ക്കേറ്റ പരിക്കേറ്റ കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ അടൂരു പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഞായറാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ ‘ശക്തി യോജന’ പദ്ധതി പ്രകാരം സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പദ്ധതിയെ, സംസ്ഥാനത്തെ സ്ത്രീ ശാക്തീകരണത്തിനുള്ള നീക്കമായാണ് വിശേഷിപ്പിച്ചത്. സ്മാര്‍ട്ട് കാര്‍ഡ് വിതരണത്തിന് പ്രതീകാത്മകമായി തുടക്കം കുറിക്കുന്നതിനായി അഞ്ച് സ്ത്രീകള്‍ക്ക് പിങ്ക് സ്മാര്‍ട്ട് കാര്‍ഡുകളും വിതരണം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here