കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിലെ സ്ഥിതി അതീവഗുരുതരമാകുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാരെ കണ്ടാൽ ഉടൻ വെടിവെയ്ക്കാൻ ഉത്തരവ്. പൊതുമുതൽ നശിപ്പിക്കുന്നവരേയും കൊള്ള നടത്തുന്നവരേയും കണ്ടാൽ വെടിവെയ്ക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശ്രീലങ്കൻ പ്രതിരോധമന്ത്രി നിർദേശം നൽകി. മഹിന്ദ രാജപക്സെയുടെ കുരുണേഗലയിലുള്ള വീടിനും ഹംബൻടോട്ടയിലെ മെഡമുലനയിലുള്ള രാജപക്സെമാരുടെ കുടുംബവീടിനും പ്രക്ഷോഭകർ തീയിട്ടതിന് പിന്നാലെയാണ് ഉത്തരവ്.
പ്രക്ഷോഭത്തെ തുടർന്ന് നൂറുകണക്കിന് സൈനികരെ കൊളംബോയിലെ തെരുവുകളിൽ വിന്യസിച്ചതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. പൊതുമുതൽ കൊള്ളയടിക്കുന്നതോ ജീവഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നതോ കണ്ടാൽ വെടിവയ്ക്കാൻ സുരക്ഷാ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച ഉണ്ടായ അക്രമാസക്തമായ പ്രക്ഷോഭത്തിനുപിന്നാലെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചിരുന്നു. രാജപക്സെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ആയുധധാരികളായ ഒരു സംഘത്തോടൊപ്പമാണ് ഇപ്പോൾ രാജപക്സെ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.
രാജിവെച്ചതിന് പിന്നാലെ മഹിന്ദയുടെ കുരുണേഗലയിലുള്ള വീടിന് പ്രക്ഷോഭകർ തീയിട്ടിരുന്നു. ഹംബൻടോട്ടയിലെ മെഡമുലനയിലുള്ള രാജപക്സെമാരുടെ കുടുംബവീടിനും തീവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ആയുധധാരികളായ സംഘത്തോടൊപ്പം രാജപക്സെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയത്. മുൻ പ്രധാനമന്ത്രിയേയും കുടുംബത്തേയും സുരക്ഷിതമായി സൈന്യം ഒഴിപ്പിച്ചുവെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തിരുന്നു.