ട്രെയിൻ യാത്രക്കിടയിൽ ഇഷ്ടം ഉള്ള ഭക്ഷണം എപ്പോൾ വേണമെങ്കിലും ഇനി കഴിക്കാം. അതിനുള്ള സൌകര്യവും ആപ്പും ഐ ആർ സി ടി സി ഒരുക്കി കഴിഞ്ഞു. ഫുഡ് ഡെലിവറി സേവനമായ സൂപ്പ് (Zoop) ജിയോ ഹാപ്റ്റികുമായി സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. വാട്‌സാപ്പ് ചാറ്റ് ബോട്ട് സേവനം എന്നാണ് ഇത് അറിയപ്പെടുന്നത്.
പുതിയ സേവനം അനുസരിച്ച് യാത്രക്കാർക്ക് അവരുടെ പി എൻ ആർ നമ്പർ ഉപയോഗിച്ച് തന്നെ ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണം വാങ്ങി കഴിക്കാനാവും. ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് ഫുഡ് ഓർഡർ കഴിഞ്ഞുള്ള തൊട്ട് അടുത്ത സ്റ്റേഷനിൽ നിന്ന് സൂപ്പ് ഭക്ഷണ വിതരണം നടത്തും. പ്രത്യേകം ആപ്പ് ഡൗൺലോഡ് ചെയ്ത് സ്പേസ് കളയണമെന്നുമില്ല. വാട്‌സാപ്പ് ബോട്ട് തന്നെ ധാരാളം. ഇതിൽ ഓർഡർ ട്രാക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
സൂപ്പ് വാട്സാപ്പ് സേവനം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ഭൂരിപക്ഷം പേർക്കും അറിയില്ല. സംഭവം എളുപ്പമാണ്. +91 7042062070 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുക. അതിലേക്കാണ് മെസെജ് അയയ്ക്കേണ്ടത്. ഈ നമ്പരിലേക്ക് ഒരു ഹായ് ഇട്ടാൽ മതിയാകും. അപ്പോൾ മറുപടിയായി മെസെജ് ലഭിക്കും. കൂടാതെ മെസെജിനൊപ്പം കുറച്ച് ഓപ്ഷനുകളുമുണ്ടാകും.