ലോകത്തിന്റെ തെക്കേ അറ്റത്തുളള അന്റാര്‍ട്ടിക്കയില്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും സൂര്യന്‍ പ്രത്യക്ഷപ്പെടാറില്ല. നാല് മാസത്തോളം നീണ്ട ഇരുട്ടിന് ശേഷം ഇപ്പോള്‍ അന്റാര്‍ട്ടിക്കയില്‍ സൂര്യനുദിച്ചിരിക്കുകയാണ്.യൂറേപ്യന്‍ സ്‌പേസ് ഏജന്‍സിയാണ് അന്റാര്‍ട്ടിക്കയില്‍ സൂര്യനുദിച്ച വിവരം ലോകത്തെ അറിയിച്ചിരിക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ ഗവേഷണം നടത്തുന്ന 12 ഗവേഷകര്‍ കോണ്‍കോര്‍ഡിയ റിസര്‍ച്ച സെന്ററില്‍ ഉറക്കമുണര്‍ന്നത് ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കാണെന്ന് യൂറേപ്യന്‍ സ്‌പേസ് ഏജന്‍സി അറിയിക്കുന്നു.
അന്റാര്‍ട്ടിക്കയില്‍ സൂര്യനുദിക്കുന്ന ചിത്രവും യൂറേപ്യന്‍ സ്‌പേസ് ഏജന്‍സി പുറത്ത് വിട്ടിട്ടുണ്ട്. ആഗസ്റ്റ് 5ന് ഡോക്ടര്‍ ഹാന്‍സ് ഹാഗ്‌സണ്‍ പകര്‍ത്തിയതാണ് സൂര്യോദയത്തിന്റെ മനോഹരമായ ചിത്രം. ”സമയം ചിലപ്പോള്‍ വളരെ വേഗത്തിലും ചിലപ്പോള്‍ വളരെ പതുക്കയും നീങ്ങുന്ന വിചിത്രമായ അവസ്ഥയാണ് ഇവിടെ. രണ്ട് ദിവസത്തിനുളളില്‍ സൂര്യന്‍ തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെളിച്ചം വന്നതോടെ എല്ലാവരും സന്തോഷത്തിലാണ്. മാത്രമല്ല ഈ ഉജ്ജ്വമായ സാഹസികതയുടെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു എന്ന തിരിച്ചറിവിലുമാണ് എല്ലാവരും”, ഡോ. ഹാന്‍സ് പറയുന്നു.
80 ഡിഗ്രി സെല്‍ഷ്യസിനും താഴേക്ക് പോകുന്ന താപനിലയെ അതിജീവിച്ച് കൊണ്ടാണ് അന്റാര്‍ട്ടിക്കയിലെ തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ ഗവേഷകര്‍ പഠനങ്ങള്‍ നടത്തുന്നത്. ഇത്തരം തീവ്രമായ അന്തരീക്ഷത്തില്‍ ഒറ്റപ്പെട്ടും കെട്ടിടത്തിനുളളില്‍ അടക്കപ്പെട്ടും കഴിയുമ്പോള്‍ മനുഷ്യശരീരത്തിലും മാനസികമായും സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചും സംഘം പഠനം നടത്തുന്നുണ്ട്. ഗവേഷകരിലെ തന്നെ മൂത്ര സാമ്പിളുകളും രക്ത സാമ്പിളുകളും അടക്കം പരിശോധിച്ചാണ് പഠനം.