15 ഇന്ത്യക്കാരടങ്ങിയ ചരക്ക് കപ്പല്‍ (Cargo Ship) കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. സൊമാലിയൻ തീരത്ത് വച്ചാണ് കപ്പല്‍ തട്ടിയെടുത്തത്.സൊമാലിയന്‍ തീരത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. ലൈബീരിയയുടെ പതാക ഘടിപ്പിച്ച ബൾക്ക് കാരിയർ ഷിപ്പായ “എംവി ലില നോർഫോക്ക്” (MV LILA NORFOLK) എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ കപ്പലിനായി തിരച്ചിൽ ആരംഭിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു.
കടൽക്കൊള്ളയ്ക്ക് പേരുകേട്ട പാതയിൽ വെച്ചാണ് കപ്പൽ തട്ടിക്കൊണ്ടു പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കപ്പൽ തട്ടിക്കൊണ്ടു പോയതായുള്ള വിവരം വ്യാഴാഴ്ച വൈകുന്നേരമാണ് നാവികസേനയ്ക്ക് ലഭിക്കുന്നത്. ഉടന്‍തന്നെ നാവിക സേനയുടെ കപ്പല്‍ തിരച്ചിലിനായി രംഗത്തിറങ്ങി. കൂടാതെ, പ്രദേശത്ത് ഇന്ത്യൻ നാവികസേന വിമാനങ്ങൾ നിരീക്ഷണം ശക്തമാക്കിയിരിയ്ക്കുകയാണ്. .
ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിലെ ജീവനക്കാരുമായി നാവികസേന ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്താന്‍ സാധിച്ചുവെന്നും നാവികസേന കപ്പലിന്‍റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സാഹചര്യങ്ങൾ വിലയിരുത്തുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ തുടർച്ചയായ നിരീക്ഷണത്തിലാണെന്നും ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ കപ്പലിന് സമീപത്തേക്ക് എത്തുകയാണ് എന്നും മൾട്ടിനാഷണൽ ഫോഴ്‌സും (MNF) ഉൾപ്പെടെ തിരച്ചിലിനായി രംഗത്തുണ്ട് എന്നും ഇന്ത്യൻ നാവികസേന വ്യക്തമാക്കി.
അതേസമയം, ആറോളം സായുധ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പുലർച്ചെ കപ്പലിൽ പ്രവേശിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.അതേസമയം, ചെങ്കടലില്‍ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതി തീവ്രവാദികൾ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ നിരവധി തവണ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.